സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' ആണ് റിമ കല്ലിങ്കലിന്റെ പുതിയ ചിത്രം. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഈ സിനിമയിലെ പ്രകടനത്തിന് റിമയ്ക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.
മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റിമ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. റിമയുടെ പുതിയ ചിത്രം 'തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി' റിലീസിനൊരുങ്ങുകയാണ്. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് റിമയ്ക്ക് ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടിയ സമയത്തെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കൽ. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരുപാട് നാളുകൾക്ക് ശേഷം ചെയ്ത സിനിമയ്ക്ക് അവാർഡ് കിട്ടുക എന്ന്പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ് എന്നാണ് റിമ പറയുന്നത്.
"ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച സമയത്ത് ഞാൻ എന്നോട് തന്നെ ഇതേത് പടം എന്ന് ചോദിച്ചിട്ടുണ്ട്. ഒരുപാട് കാലം ആയല്ലോ ഞാൻ അഭിനയിച്ചിട്ട് എന്ന മൂഡായിരുന്നു. അച്ഛനും അമ്മയും വിളിച്ചിട്ട് ചോദിച്ചത് നിനക്കെന്തിനാ അവാർഡ് കിട്ടിയത് എന്നായിരുന്നു. കാരണം സിനിമ ഇനിയും പുറത്തിറങ്ങിയിട്ടില്ലല്ലോ അതുകൊണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരുപാട് നാളുകൾക്ക് ശേഷം ഒരു സിനിമ ചെയ്ത്, അതിനൊരു അവാർഡ് കിട്ടുക എന്നുപറയുന്നത് ഒരു വലിയ ഹൈ ആണ്." ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.
'ബിരിയാണി'ക്ക് ശേഷം സജിൻ ബാബു
അതേസമയം ഒക്ടോബർ 16-നാണ് തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി റിലീസ് ചെയ്യുന്നത്. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. 'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ഈ ചിത്രത്തിലും കാണാൻ സാധിക്കും. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്.
ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, ഓൺലൈൻ പ്രൊമോഷൻസ്- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റീൽസ്- ജിതേഷ് കടക്കൽ.



