നമ്മുടെ വളർച്ചയെ വെറും നമ്പറുകൾ വച്ച് അളക്കുന്നത് നിർത്താമെന്ന് റിമി ടോമി.

വ്യായാമം, ശരീരഭാരം കുറക്കൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് താൻ നേരിടുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി മലയാളികളുടെ പ്രിയഗായിക റിമി ടോമി. ഫിറ്റ്നസ് എന്നാൽ മെലിയുക എന്നതല്ല താൻ ഉദ്ദേശിക്കുന്നതെന്നും മാനസികമായും ശാരീരികമായും കരുത്തയാകാനാണ് ശ്രമിക്കാറുള്ളതെന്നും റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''ഏതാണ്ട് 8 വർഷമായി എന്റെ ശരീരഭാരം ഏതാണ്ട് ഒരേ രീതിയിൽ തന്നെ തുടരുകയാണ്. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. പരിക്കുകൾ, തിരക്കുപിടിച്ച ഷെഡ്യൂളുകൾ, യാത്രകൾ, വ്യായാമത്തിൽ നിന്നുള്ള ഇടവേളകൾ ഒക്കെ കാരണം ചിലപ്പോൾ തൂക്കം കൂടും. പിന്നെ ഞാൻ വീണ്ടും എന്റെ പഴയ ശീലങ്ങളിലേക്കു തന്നെ തിരിച്ചെത്തും. ജീവിതം അങ്ങനെയൊക്കെയാണല്ലോ. ഞാൻ സ്ഥിരമായി കേൾക്കുന്ന ഒരു കാര്യമാണ്, "അയ്യോ, ദിവസവും മെലിയുകയാണല്ലോ!" എന്നത്. പക്ഷേ, സത്യം എന്താണെന്നു വെച്ചാൽ, ഞാൻ ദിവസവും തടി കുറയ്ക്കാൻ ശ്രമിക്കുന്നില്ല. ചിലപ്പോൾ ഭാരം കൂടാറുമുണ്ട്. ഭാരം കൂടുന്നത് എപ്പോഴും കൊഴുപ്പ് കൂടുന്നത് കൊണ്ടാവണമെന്നില്ല. സ്ട്രെങ്ത് ട്രെയിനിംഗ് ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ഒപ്പം മസിൽ കൂടുകയും ചെയ്യാം. വെയിംഗ് സ്കെയിലിലെ നമ്പർ മാത്രം നോക്കിയാൽ ഇതെല്ലാം മനസിലാകില്ല.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്നെ സംബന്ധിച്ച് ഫിറ്റ്നസ് എന്നത് മെലിയാനോ വെയിംഗ് സ്കെയിലിലെ നമ്പർ കുറഞ്ഞു കാണാനോ ഉള്ളതല്ല. ശക്തി കൂട്ടുക, മസിൽ നിലനിർത്തുക, സ്റ്റാമിന കൂട്ടുക, മാനസികമായി കരുത്തയാകുക എന്നതൊക്കെയാണ് എനിക്ക് വേണ്ടത്. 40-കളിലും അതിനു മുകളിലുമുള്ള സ്ത്രീകൾക്ക്, സ്ട്രെങ്ത് ട്രെയിനിംഗ് വളരെ പ്രധാനമാണ്. ജിമ്മിൽ വെയിറ്റ് എടുക്കുന്നതോ, നടക്കുന്നതോ, കാർഡിയോയോ, യോഗയോ, നീന്തലോ അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള എന്തുമാകട്ടെ, ശരീരം ആക്ടീവ് ആയി നിർത്താനുള്ള ഒരു വഴി കണ്ടെത്തുക.

നമ്മുടെ വളർച്ചയെ വെറും നമ്പറുകൾ വച്ച് അളക്കുന്നത് നിർത്താം. ശരീരത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും, നമുക്ക് എത്രത്തോളം കരുത്ത് തോന്നുന്നുണ്ടെന്നും, നമ്മൾ നമ്മളെ എത്ര നന്നായി നോക്കുന്നുണ്ടെന്നതിലേക്കും ശ്രദ്ധ കൊടുക്കാം. ഭാരം കുറയ്ക്കുക എന്നത് മാത്രമല്ല ലക്ഷ്യം വെയ്ക്കേണ്ടത്, ഓരോ വർഷം കഴിയുന്തോറും കൂടുതൽ കരുത്തുള്ളവരും, ആരോഗ്യമുള്ളവരും, ആത്മവിശ്വാസമുള്ളവരുമായി വളരുക എന്നതാണ്. വെറുമൊരു നമ്പറിന് പിന്നാലെ മാത്രം പോകരുത്. കരുത്തരാകുക, ആരോഗ്യം സംരക്ഷിക്കുക. നിങ്ങളുടെ ഈ യാത്രയെ സ്നേഹിക്കുക'', റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക