മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി. ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങളിലും സജീവമായിരുന്നു റിമി ടോമി. യൂട്യൂബ് ചാനലിലൂടെയും റിമി ടോമി വിശേഷങ്ങളുമായി എത്തി. ഇപ്പോഴിതാ പുതിയൊരു മ്യൂസിക് വീഡിയോയുമായി എത്തുകയാണ് റിമി ടോമി. റിമി തന്നെയാണ് വീഡിയോയില്‍ അഭിനയിക്കുന്നതും. നാളെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്യുക.


'സുജൂദല്ലേ എന്നാണ്' മ്യൂസിക് വീഡിയോയ്‍ക്ക് പേരിട്ടിരിക്കുന്നത്. റിമി ടോമി തന്നെ വീഡിയോയില്‍ അഭിനയിക്കുന്നു. പ്രദീഷാണ് റിമി ടോമിക്കൊപ്പം ഉണ്ടാകുക .ബി കെ ഹരിനാരായണനാണ് ഗാനരചന നിര്‍വഹിക്കുന്നത്. ഷാരോണ്‍ കെ വിപിനാണ് കണ്‍സെപ്റ്റും സംവിധാനവും. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

അടുത്തകാലത്ത് റിമി ടോമി പങ്കുവെച്ച ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

സിനിമയില്‍ പാടിയ ആദ്യ ഗാനത്തിലൂടെ തന്നെ റിമി ടോമിക്ക് പ്രേക്ഷകരുടെ പ്രിയം നേടാനായിരുന്നു.  2002ല്‍ മീശമാധവനിലൂടെയാണ് പിന്നണി ഗായികയാകുന്നത്. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ആദ്യ ഗാനം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് മലയാളികളുടെ പ്രിയഗായികമാരുടെ നിരയില്‍ മുന്നില്‍തന്നെയുണ്ട് റിമി ടോമി. നടിയായും റിമി ടോമി സിനിമയുടെ ഭാഗമായിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന സിനിമയില്‍ ജയറാമിന്റെ നായിക വേഷമടക്കം ഇതില്‍ പെടുന്നു. ഏഷ്യാനെറ്റിനെയടക്കം ടെലിവിഷൻ പ്രോഗ്രാമുകളില്‍ ശ്രദ്ധേയ സാന്നിദ്ധ്യവുമാണ് റിമി ടോമി.