മുംബൈ: ബോളിവുഡ‍ിന്‍റെ നിത്യഹരിത നായകന്‍ ഋഷി കപൂറിനെ അവസാനമായി ഒരു നോക്കുകാണാന്‍ 1400 കിലോമീറ്റര്‍ ദൂരം താണ്ടി മകള്‍  റിദ്ധിമ കപൂര്‍ എത്തും. ദില്ലിയില്‍ സ്ഥിരതാമസായ റിദ്ധിമ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പ്രത്യേക അനുമതി വാങ്ങിയാണ് മുംബൈയിലേക്കെത്തുന്നത്. ഇന്നലെയാണ് ഋഷി കപൂറിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ നീതു കപൂര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മകനും നടനുമായ രണ്‍ബീര്‍ കപൂറും മുംബൈയില്‍ തന്നെയാണ് ഉള്ളത്. 

മുംബൈയിലേക്ക് പ്രത്യേക വിമാനത്തില്‍ എത്താനുള്ള അനുമതിക്കായി റിദ്ധിമ കേന്ദ്രആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. തുടര്‍ന്നാണ് റോഡ് മാര്‍ഗ്ഗം മുംബൈയിലെത്താനുള്ള അനുമതി ലഭിച്ചത്. 1400കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് റിദ്ധിമ മുംബൈയിലെത്തുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അദ്ദേഹത്തിന്‍റെ ആരാധകരും സഹപ്രവര്‍ത്തകരും ലോക്ക്ഡൗണ്‍ നിയമം പാലിക്കണമെന്നും ആരാധകര്‍ തന്നെ പുഞ്ചിരിയോടെ ഓര്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും കണ്ണീരോടെ ഓര്‍ക്കാന്‍ അല്ലെന്നും പ്രസ്താവനനയില്‍ ഋഷി കപൂറിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു. 

രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 2018 ലാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടോടെ നില അതീവ ഗുരുതരമാകുകയായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. 

രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട അദ്ദേഹം 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി.  ദി ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പായ ദി ബോഡിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.