ഹൈദരാബാദ് വിമാനത്താവളത്തിലെ സുരക്ഷാവീഴ്‍ച ചൂണ്ടിക്കാണിച്ച് നടൻ റിതേഷ് ദേശ്‍മുഖ്. സാമൂഹ്യമാധ്യമത്തിലൂടെയാണ് റിതേഷ് ദേശ്‍മുഖിന്റെ പ്രതികരണം.

റിതേഷ് ദേശ്‍മുഖ് വിമാനത്താവളത്തിലായിരിക്കെ പെട്ടെന്ന് വൈദ്യുതി പോകുകയായിരുന്നു. എലവേറ്റര്‍ ഓഫ് ആയി. പുറത്തേയ്‍ക്ക് പോകാനുള്ള ഒരേയൊരു വഴി ചങ്ങല കൊണ്ട് അടച്ചിരിക്കുന്നു. അത് തുറക്കാൻ സുരക്ഷാജീവനക്കാര്‍ സമ്മതിച്ചതുമില്ല. ഹൈദരാബ് വിമാനത്താവള അധികൃതര്‍ ഉണര്‍ന്നെഴുന്നേല്‍ക്കൂ. പൊതു വഴി അടിയന്തസാഹചര്യങ്ങളില്‍ അടച്ചിരിക്കേണ്ടതല്ലെന്നും റിതേഷ് ദേശ്‍മുഖ് പറയുന്നു. തീപിടുത്തമടക്കമുള്ള സാഹചര്യമുണ്ടായാല്‍ പുറത്തുപോകാനുള്ള ഒരേയൊരു വഴിയാണ് അടച്ചിരുന്നത്. എന്തായാലും റിതേഷ് ദേശ്‍മുഖിന്റെ പരാതിയോട് പ്രതികരിച്ച് വിമാനത്താവള അധികൃതരും രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു. ചെറിയ സാങ്കേതിക  തകരാറാണ് ഉണ്ടായത്. അത് പെട്ടെന്ന് പരിഹരിച്ചു. അത്യാഹിതമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ഗ്ലാസ് വാതില്‍ പൊട്ടിക്കാവുന്നതുമാണ്. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനമെന്നും വിമാനത്താവള അധികൃതര്‍ പറയുന്നു. റിതേഷ് ദേശ്‍മുഖിന് നന്ദി പറയാനും അധികൃതര്‍ മറന്നില്ല.  നിലവിലെ സാഹചര്യത്തില്‍ ഒരു മാനുവല്‍ ലോക്ക് ആണ് ഉള്ളത്. ഗ്ലാസ് വാതിലിന്റെ തൊട്ടടുത്തുള്ള ബോക്സില്‍ തന്നെ ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാനുള്ള താക്കോലുകളും സൂക്ഷിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ പറയുന്നു.