തമിഴ് നടന്‍ ആര്‍ ജെ ബാലാജി പറയുന്നു 

മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മമ്മൂട്ടിയോളം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ സമീപകാലത്ത് അവതരിപ്പിച്ച സൂപ്പര്‍താരങ്ങള്‍ വേറെ ഇല്ല. ഒടിടിയുടെ കാലത്ത് ആ പ്രകടനങ്ങള്‍ക്ക് ഭാഷയുടെ അതിര്‍ത്തികള്‍ കടന്നുള്ള സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ മറുഭാഷകളിലെ സൂപ്പര്‍താരത്തെ മമ്മൂട്ടിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള തമിഴ് നടന്‍ ആര്‍ ജെ ബാലാജിയുടെ വാക്കുകള്‍ വൈറലാവുകയാണ്.

ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് ബാലാജി ഇക്കാര്യം പറയുന്നത്. നേരത്തെ ഫിലിം കമ്പാനിയന്‍റെ ഡയറക്ടേഴ്സ് അഡ്ഡയില്‍ ഇന്ത്യയിലെ പല ഭാഷകളില്‍ നിന്നുള്ള സംവിധായകര്‍ പങ്കെടുത്തിരുന്നു. അക്കൂട്ടത്തില്‍ ജയിലര്‍ സംവിധായകന്‍ നെല്‍സണും കാതല്‍ സംവിധായകന്‍ ജിയോ ബേബിയും ഉണ്ടായിരുന്നു. അനുപമ ചോപ്ര അവതാരകയായ പ്രസ്തുത സംവാദത്തില്‍ ജയിലറിലെ രജനിയുടെ ലുക്ക് തീരുമാനിച്ചതിലെ റിസ്കിനെക്കുറിച്ച് നെല്‍സണ്‍ വിവരിക്കുന്നുണ്ട്. രജനിയെ അദ്ദേഹത്തിന്‍റെ യഥാര്‍ഥ പ്രായത്തില്‍ അവതരിപ്പിക്കാനായിരുന്നു തന്‍റെ താല്‍പര്യമെന്നും എന്നാല്‍ അദ്ദേഹത്തിന് സ്ക്രീനില്‍ നര പാടില്ലെന്ന് സിനിമാമേഖലയിലുള്ളവര്‍ തന്നെ തന്നോട് പറഞ്ഞിരുന്നെന്നും നെല്‍സണ്‍ വിശദീകരിക്കുന്നു. 

നെല്‍സണ്‍ ഇത് പറയുന്ന സമയത്ത് തൊട്ടപ്പുറത്ത് ജിയോ ബേബി ഉണ്ടായിരുന്നുവെന്ന് ബാലാജി പറയുന്നു- "കാതല്‍ ദി കോര്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. അത് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. ഈയിടെ ഒരു ചര്‍ച്ച ഞാന്‍ കണ്ടിരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സംവിധായകര്‍ അതില്‍ ഉണ്ടായിരുന്നു. ഒരു വലിയ താരത്തിന്‍റെ സിനിമ ചെയ്ത സമയത്ത് അദ്ദേഹത്തിന്‍റെ ലുക്കില്‍ വരുത്തിയ ഒരു മാറ്റം പോലും എത്ര വലിയ റിസ്ക് ആയാണ് എടുത്തുകാട്ടപ്പെട്ടതെന്ന് ഒരു സംവിധായകന്‍ പറഞ്ഞു. അതേ ടേബിളില്‍ ജിയോ ബേബിയും ഉണ്ടായിരുന്നു. അതേ നിരയിലുള്ള, 72 വയസുള്ള മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ച സംവിധായകന്‍. അത് മമ്മൂട്ടി സാര്‍ തന്നെ നിര്‍മ്മിക്കുകയും ചെയ്തു", ആര്‍ ജെ ബാലാജി പറയുന്നു. 

തമിഴ് സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായിരുന്നു ജയിലര്‍. അതേസമയം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായിരുന്നു കാതലിലെ മാത്യു ദേവസി. തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയമായിരുന്നു. ഒടിടി റിലീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ALSO READ : 'കൊത്ത'യ്ക്ക് ശേഷം ദുല്‍ഖര്‍ കമല്‍ ഹാസനൊപ്പം; ചിത്രീകരണം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം