താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണിദാസ് രംഗത്തെത്തിയിട്ടുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയെ വിമര്‍ശിച്ച് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്‍ണൻ രംഗത്ത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അവഹേളിച്ച് ജാൻമണി നടത്തിയ പരാമർശങ്ങളോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് റോബിൻ പറയുന്നു.
''എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു ജാൻമണി ദാസ്. പക്ഷേ, നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അവഹേളിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ജാൻമണി ദാസ് പറയുന്നതായി ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു. അത് തെറ്റായിട്ടാണ് എനിക്ക് തോന്നിയത്. അതിനോട് യോജിക്കാൻ ഒരിക്കലും പറ്റില്ല. ഇക്കാര്യത്തിൽ എനിക്ക് നിങ്ങളുടെ അഭിപ്രായം കൂടി അറിയണം. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അവഹേളിക്കുന്ന രീതിയിൽ സംസാരിച്ച ജാൻമണിയെ നിങ്ങൾ പിന്തുണക്കുമോ, അതോ ആ അഭിപ്രായത്തോട് നിങ്ങൾ വിയോജിക്കുമോ?'', എന്നാണ് റോബിൻ വീഡിയോയിൽ ചോദിക്കുന്നത്.
താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണിദാസ് രംഗത്തെത്തിയിട്ടുണ്ട്. ''ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടൻ്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. ചിലപ്പോൾ ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എൻ്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു. പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല. ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്'', എന്നും ജാൻമണി കൂട്ടിച്ചേർത്തു.
