ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നത് കൊണ്ട് തന്നെ ആ വർഷത്തെ എല്ലാ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടിയെന്നും താൻ ഇതിന് സാക്ഷിയാണെന്നും രൂപേഷ് പറയുന്നു.

മലയാളത്തിലെ ക്ലാസിക് ചിത്രം 'സ്ഫടികത്തിൽ' മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് രൂപേഷ് പീതാംബരൻ. പിന്നീട് ദുൽഖറിനെ നായകനാക്കി തീവ്രം, ടോവിനോ തോമസ് ചിത്രം യൂ ടൂ ബ്രൂട്ടസ് തുടങ്ങീ ചിത്രങ്ങളും രൂപേഷ് സംവിധാനം ചെയ്യുകയുണ്ടായി. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലും മികച്ച വേഷം രൂപേഷ് കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ കുറിച്ചും അവാർഡ് ലോബികൾ കുറിച്ചതും സംസാരിക്കുകയാണ് രൂപേഷ്.

ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നത് കൊണ്ട് തന്നെ ആ വർഷത്തെ എല്ലാ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടിയെന്നും താൻ ഇതിന് സാക്ഷിയാണെന്നും രൂപേഷ് പറയുന്നു. അതിന്റെ നിർമ്മാതാവിന് ആ വർഷം മറ്റൊരു സിനിമയ്ക്ക് അവാർഡ് ലഭിച്ചെന്നും രൂപേഷ് പറയുന്നു.

"കേരളത്തില്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഉണ്ടായൊരു സംഭവമുണ്ട്. ഞാനതിന് സാക്ഷിയാണ്. പറഞ്ഞാല്‍ ഏത് സിനിമയാണെന്ന് മനസിലാകും. എങ്കിലും പറയാം. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവനൊരു പടം ചെയ്തു. ഗംഭീര വിജയമായി. സുഹൃത്തായ രാഷ്ട്രീയക്കാരനോട് എന്താടോ നമുക്കൊന്നും അവാര്‍ഡില്ലേ എന്ന് ചോദിച്ചു

വിശ്വസിക്കാനാകില്ല. ആ സിനിമയ്ക്ക് നടന്‍, സംവിധായകന്‍, സിനിമ, നടി എല്ലാ സ്‌റ്റേറ്റ് അവാര്‍ഡും കിട്ടി. അതിലെ ഒരു നിര്‍മാതാവ് നടനാണ്. ഈ സിനിമയ്ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ വേറൊരു സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ് കൊടുത്തു. മൊത്തം അവാര്‍ഡും ആ ടീമിനായിരുന്നു. സിനിമയുടെ പേരും വര്‍ഷവും പറയില്ല. ലോബിയിങ് ആണ്. എന്റെ സിനിമകളൊന്നും അവാര്‍ഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല." ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രൂപേഷിന്റെ വെളിപ്പെടുത്തൽ.

രൂപേഷ് പറഞ്ഞ ചിത്രമേത്?

അതേസമയം രൂപേഷ് ആരോപിച്ച സിനിമ ദുൽഖർ സൽമാൻ നായകനായി എത്തിയ 'ചാർളി' ആണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. മികച്ച നടൻ, സംവിധായകന്‍, സിനിമ, നടി, ഛായാഗ്രഹണം തുടങ്ങീ എട്ട് പുരസ്കാരങ്ങളായിരുന്നു ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ജോജു ജോർജിന് ആ വർഷം തന്നെ, ലുക്ക ചുപ്പി, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.

YouTube video player