ടൊവിനോയെ നായകനാക്കി ചെയ്ത ചിത്രം നിർമ്മിക്കാനായി ആദ്യം ആരും മുന്നോട്ട് വന്നില്ലെന്നും, ഇന്ന് മലയാളത്തിലെ ലീഡിങ്ങ് നിർമ്മാതാവായ ഒരാൾ അന്ന് ടൊവിനോയെ ചിത്രത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപെട്ടിരുന്നുവെന്നും രൂപേഷ് പറയുന്നു.
മലയാളത്തിലെ ക്ലാസിക് ചിത്രം 'സ്ഫടികത്തിൽ' മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് രൂപേഷ് പീതാംബരൻ. പിന്നീട് ദുൽഖറിനെ നായകനാക്കി തീവ്രം, ടോവിനോ തോമസ് ചിത്രം യൂ ടൂ ബ്രൂട്ടസ് തുടങ്ങീ ചിത്രങ്ങളും രൂപേഷ് സംവിധാനം ചെയ്യുകയുണ്ടായി. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലും മികച്ച വേഷം രൂപേഷ് കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രൂപേഷ്.
ടൊവിനോയെ നായകനാക്കി ചെയ്ത ചിത്രം നിർമ്മിക്കാനായി ആദ്യം ആരും മുന്നോട്ട് വന്നില്ലെന്നും, ഇന്ന് മലയാളത്തിലെ ലീഡിങ്ങ് നിർമ്മാതാവായ ഒരാൾ അന്ന് ടൊവിനോയെ ചിത്രത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപെട്ടിരുന്നുവെന്നും രൂപേഷ് പറയുന്നു. നിർമ്മാതാവിനെ കിട്ടാത്തത് കൊണ്ട് തന്നെ സിനിമ രണ്ട് വർഷത്തോളം നീണ്ടുപോയെന്നും പിന്നീടാണ് ചിത്രത്തിലേക്ക് ആസിഫ് അലിയെ കൊണ്ടുവരുന്നതെന്നും രൂപേഷ് കൂട്ടിച്ചേർത്തു.
"എനിക്ക് കോമഡി ചെയ്യണമായിരുന്നു. അങ്ങനെ എഴുതിയ സിനിമയാണ് യു ടൂ ബ്രൂട്ടസ്. ആദ്യം ആസിഫുണ്ടായിരുന്നില്ല. ശ്രീനിയേട്ടന്‍, ടൊവിനോ, സുധി കോപ്പ, അനു മോഹന്‍ അഹമ്മദ് സിദ്ധീഖ് എന്നിവരായിരുന്നു കാസ്റ്റ്. ഒന്നര കോടിയ്ക്ക് ചെയ്ത സിനിമയായിരുന്നു അത്. നിര്‍മിക്കാന്‍ ആരും തയ്യാറായില്ല. സ്റ്റാര്‍ കാസ്റ്റ് ഉണ്ടായിരുന്നില്ല. ആ സമയത്ത് ടൊവിനോ എബിസിഡിയും സെവന്‍ത് ഡേയും ചെയ്തതേയുള്ളൂ. വലിയ പടങ്ങളൊന്നും ചെയ്തിട്ടില്ല ഇന്ന് മലയാളത്തിലെ ഏറ്റവും ലീഡിങ് ആയൊരു നിര്‍മാതാവ് ടൊവിനോയെ മാറ്റണമെന്ന് പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോള്‍ ടൊവിനോയ്ക്ക് ഫ്ലെക്സിബിലിറ്റി ഇല്ലെന്ന് പറഞ്ഞു. അത് ഞാന്‍ കൊണ്ടു വന്നോളാമെന്ന് പറഞ്ഞു." രൂപേഷ് പറയുന്നു
ആസിഫ് അലി എത്തുന്നത് പിന്നീട്
"ടൊവിനോയെ മാറ്റണം, ബാക്കിയുള്ളവര്‍ ഇരുന്നോട്ടെ എന്ന് പറഞ്ഞു. നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു ശ്രീനിയേട്ടന്‍ എന്നെ ചീത്തവിളിച്ചു. നീ എന്തിനാണ് ഒരാള്‍ക്ക് വേണ്ടി മാത്രം പിടിച്ചു നില്‍ക്കുന്നത് പടം നടക്കണ്ടേ? എന്ന് ചോദിച്ചു. നിങ്ങളാണ് നായകന്‍. നിങ്ങളുടെ പടം നിര്‍മിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവരത് പറയട്ടെ, ഇടയില്‍ നിന്നും ഒരാളെ മാറ്റാനാകില്ല എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ പരിപാടിയേ നടക്കാതായി പടം ചെയ്‌തേ പറ്റൂവെന്നായി. എനിക്ക് ഡിപ്രഷനായി. എന്റെ രണ്ട് കൊല്ലമാണ് പോയത്. അപ്പോള്‍ സുഹൃത്താണ് പറയുന്നത് ഒരു ട്രാക്കും കൂടെ എഴുതാന്‍. അതില്‍ അറിയപ്പെടുന്നൊരു താരത്തെ പിടിച്ചിട്ടാല്‍ പരിപാടി നടക്കും. അങ്ങനെയാണ് ആസിഫ് അലി-ഹണി റോസ് ട്രാക്ക് എഴുതുന്നത്." ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രൂപേഷിന്റെ പ്രതികരണം. അതേസമയം ലോകയിലെ കാമിയോ റോളിലാണ് ടൊവിനോ അവസാനമായി എത്തിയത്. ലോക രണ്ടാം ഭാഗത്തിൽ ചാത്തനായാണ് ടൊവിനോ എത്തുന്നത്.



