ഹൊഡുവിന് മികച്ച പ്രതികരണം.

രൂപേഷ് പീതാംബരൻ നായകനായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രമാണ് ഹൊഡു. സംവിധാനം നിര്‍വഹിക്കുന്നത് അനുഷ് മോഹനാണ്. ഒടിടി റീലീസായി എത്താനിരിക്കുന്ന ത്രില്ലര്‍ ചിത്രമായ ഹൊഡുവിന്റെ പ്രത്യേക പ്രദര്‍ശനം തിരുവനന്തപുരം ഏരീസ് മള്‍ട്ടിപ്ലക്സില്‍ നടന്നു. സംവിധായകൻ ഷങ്കര്‍ രാമകൃഷ്‍ണനും ചിത്രത്തിലെ താരങ്ങളും പ്രദര്‍ശനം കാണാനെത്തി.

കൊവിഡ് കാലത്തെ ആലോചനകളില്‍ നിന്നാണ് ചിത്രം ഒരുങ്ങിയത്. ബജറ്റ് വെറും 10 ലക്ഷമായിരുന്നു. ഇത്രയും ചെറിയ ഒരു ബജറ്റില്‍ ചിത്രം പൂര്‍ത്തിയാക്കിയപ്പോഴും സാങ്കേതികതയിലടക്കം മേൻമ പുലര്‍ത്തിയാണ് ഹൊഡു ഒരുക്കിയത് എന്ന് പ്രത്യേക പ്രദര്‍ശനത്തിന് ശേഷം ശങ്കര്‍ രാമകൃഷ്‍ണൻ അഭിപ്രായപ്പെട്ടു. ഹൊഡുവില്‍ രൂപേഷ് പീതാംബരനൊപ്പമെത്തിയ പുതുമുഖ താരങ്ങളെയും ശങ്കര്‍ രാമകൃഷ്‍ണൻ അഭിനന്ദിച്ചു.

ഹൊഡു എന്ന സാങ്കല്‍പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കൂട്ടബലാത്സംഗം നടത്തി ഒളിവിലായ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നതോടെയാണ് ഹൊഡു സിനിമയുടെ കഥ ആരംഭിക്കുന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയായിരുന്നില്ല ആ പെണ്‍കുട്ടിക്ക്. സംഭവം വലിയ മാധ്യമ ശ്രദ്ധയ്‍ക്കിടയാക്കി. കുറ്റവാളികളെ ഹൊഡു പൊലീസ് പിടികൂടുന്നു. ഹൊഡു പൊലീസ് ആ ബലാത്സംഗ കേസ് അന്വേഷിക്കുകയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ശ്രമിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും പറയുന്ന ചിത്രം ഇന്ത്യയിലെ നിയമ ചട്ടങ്ങളിലെ പഴുതുകളും ഗൗരവതരമായി ചര്‍ച്ചാ വിഷയമാക്കുന്നു.

കഥ വിനോദ് കൃഷ്‍ണയാണ് എഴുതിയത്. രൂപേഷ് പീതാംബരനൊപ്പം പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഹരികൃഷ്‍ണൻ, ഉണ്ണികൃഷ്‍ണൻ, സാനു, വൈശാഖ്, ശരത്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും വേഷമിടുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ശ്യാം അമ്പാടിയാണ്. ധീരജ് സുകുമാരൻ ഹൊഡുവിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചപ്പള്‍ കോസ്റ്റ്യൂം ഡിസൈൻ സൂര്യയും ഡിഐ ജോജി പാറകലും കലാ സംവിധാനം ചന്ദുവും എഡിറ്റര്‍ ശരത്ത് ഗീതാ ലാലും ആണ്.

Read More: 'വാലിബന്റെ ചര്‍ച്ചകള്‍ക്കിടെ എമ്പുരാനെ മറക്കല്ലേ', ഇതാ അപ്‍ഡേറ്റുമായി പൃഥ്വിരാജും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക