കേരളത്തില്‍ നിന്നുമാത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 9.75 കോടി നേടി ചിത്രം

പ്രേക്ഷകാഭിപ്രായത്തിലും ബോക്സ് ഓഫീസ് കളക്ഷനിലും മികവ് പുലര്‍ത്തി തിയറ്ററുകളില്‍ തുടരുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഷാക്ക്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആസിഫ് അലി അവതരിപ്പിച്ചിട്ടുള്ള കഥാപാത്രമാണ് അത്.

ചിത്രത്തിന്‍റെ റിലീസിന് തൊട്ടുമുന്‍പുള്ള ടീസറിലാണ് മുഖം വെളിപ്പെടുത്താത്ത ഈ ആസിഫ് അലി കഥാപാത്രത്തെ പ്രേക്ഷകര്‍ ആദ്യമായി കാണുന്നത്. ഒരു ചാക്ക് കൊണ്ട് മുഖം മൂടിയാണ് ഈ കഥാപാത്രം ടീസറില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും കണ്ണുകളില്‍ നിന്ന് കഥാപാത്രം ആസിഫ് അലി തന്നെയെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പോസ്റ്ററുകളില്‍ ഈ കഥാപാത്രത്തെ അണിയറക്കാര്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. റോഷാക്കിന്‍റെ കഥയില്‍ അതീവ പ്രാധാന്യമുള്ള ദിലീപ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : ബോളിവുഡ് അരങ്ങേറ്റത്തിന് ശിഖര്‍ ധവാന്‍; ആദ്യ ചിത്രം ഹുമ ഖുറേഷിക്കൊപ്പം

അതേസമയം ആദ്യ വാരാന്ത്യത്തിനു ശേഷവും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയോടെ പ്രദര്‍ശനം തുടരുകയാണ് റോഷാക്ക്. കേരളത്തില്‍ നിന്നുമാത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 9.75 കോടി നേടിയ ചിത്രം ആഗോള തലത്തില്‍ നേടിയ വാരാന്ത്യ കളക്ഷന്‍ 20 കോടി ആണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലായിരുന്നു വെള്ളിലാഴ്ചത്തെ റിലീസ്. ഇത്രയും ഇടങ്ങളിലായി 109 സ്ക്രീനുകള്‍. അതേസമയം മലയാള സിനിമയ്ക്ക് ഇപ്പോള്‍ സ്ഥിരം റിലീസ് ഉള്ള സൗദി, യുകെ, യുഎസ്, ഏഷ്യ പെസഫിക്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊന്നും ചിത്രം ഇതുവരെ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്ക് ചിത്രം എത്തും.