യൂറോപ്പിലെ 12 രാജ്യങ്ങളിലുള്‍പ്പെടെ ഈ വാരാന്ത്യം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്
സമീപകാല മലയാള സിനിമയിലെ വ്യത്യസ്‍ത പരീക്ഷണമെന്ന് അഭിപ്രായം ലഭിച്ച മമ്മൂട്ടി ചിത്രം റോഷാക്ക് വിജയകരമായ രണ്ടാം വാരത്തിലേക്ക്. കേരളത്തിലെ സെക്കന്‍ഡ് വീക്ക് തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് 219 ആയിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഒരു സ്ക്രീന്‍ പോലും കുറയാതെ അതേ സ്ക്രീന്‍ കൌണ്ട് തുടരുകയാണ് ചിത്രം. രണ്ടാം വാരവും കേരളത്തില്‍ ചിത്രത്തിന് 219 സ്ക്രീനുകള്‍ ഉണ്ട്. ഇതില്‍ 209 സെന്‍ററുകള്‍ റിലീസ് ചെയ്‍തവയും മറ്റ് 10 സ്ക്രീനുകള്‍ ഈ വാരം പ്രദര്‍ശനം ആരംഭിക്കുന്നവയുമാണ്.
അതേസമയം ചിത്രം ഈ വാരം കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 ന് കേരളത്തിനൊപ്പം പാന്‍ ഇന്ത്യന്‍ റിലീസും ഉണ്ടായിരുന്നു ചിത്രത്തിന്. ഒപ്പം യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളിലും അതേദിവസം ചിത്രം എത്തിയിരുന്നു. സൌദി അറേബ്യയ്ക്കൊപ്പം യൂറോപ്പിലും ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തി. യൂറോപ്പില്‍ യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, മാള്‍ട്ട, മോള്‍ഡോവ, ജോര്‍ജിയ, ലക്സംബര്‍ഗ്, പോളണ്ട്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തിയതോടെ ചിത്രത്തിന്‍റെ ആകെ ഗ്രോസ് കളക്ഷനെ ഇത് കാര്യമായി സ്വാധീനിക്കും.
ALSO READ : 'ബാംഗ്ലൂര്‍ ഡെയ്‍സ്' ഹിന്ദി റീമേക്കില്‍ അനശ്വര രാജനും പ്രിയ വാര്യരും; റിലീസ് തീയതി പ്രഖ്യാപിച്ചു
നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍.
