കൊച്ചി: മഞ്ജു വാര്യർ നായികയായി എത്തുന്ന പുതിയ ചിത്രം 'പ്രതി പൂവൻകോഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് എത്തിയത്. മോഹൻലാൽ ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വസ്ത്ര വിൽപനശാലയിലെ സെയിൽസ് ഗേളായ മാധുരിയായാണ് മഞ്ജു വാര്യർ എത്തുന്നത്.

മഞ്ജുവാര്യരുടെ മുഖവും മൂന്ന് പൂവൻ കോഴികളുമാണ് പോസ്റ്ററിൽ ഉള്ളത്. മഞ്ജുവിനും സംവിധായകൻ റോഷൻ ആൻഡ്രൂസിനും ടീമിനും ആശംസകൾ നേർന്നാണ് മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഒരു വെളിപ്പെടുത്തലുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ എത്തി.

പ്രതി പൂവൻകോഴി എന്ന പേരില്‍ പ്രശസ്തമായ ഉണ്ണി ആറിന്‍റെ നോവല്‍ അല്ല സിനിമ എന്നാണ് റോഷന്‍ വെളിപ്പെടുത്തുന്നത്. ഉണ്ണി ആറിന്റെ പ്രതി പൂവൻകോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാൻ ചോദിച്ചു ,ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിർബന്ധമാണോ? നിർബ്ബന്ധമാണ് ഞാൻ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാൻ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ് - റോഷന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

 

പ്രതി പൂവൻകോഴി എന്ന നോവലല്ല ഈ സിനിമ : റോഷൻ ആൻഡ്രൂസ്

വളരെ യാദൃശ്ചികമായാണ് ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ കഥ കേൾക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാർസ്യ എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കിടയിലാണ് ഉണ്ണി ആർ എന്നോട് ഒരു കഥ പറയുന്നത് .കഥ കേട്ടപ്പോൾത്തന്നെ ഞാൻ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു.ഈ കഥ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു. അവൾ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങൾ ഉടൻ ഈ പടം ചെയ്യണം. ഞാൻ ചോദിച്ചു ,അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്.അപ്പോൾത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാൻ പറഞ്ഞു ,നമുക്കിത് ഉടൻ ചെയ്യാമെന്ന്.
പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവൻകോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാൻ ചോദിച്ചു ,ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിർബന്ധമാണോ? നിർബ്ബന്ധമാണ് ഞാൻ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാൻ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.