അവതരിപ്പിച്ച ചുരുക്കം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മലയാളത്തിലെ യുവനടന്‍ റോഷന്‍ മാത്യു ബോളിവുഡിലേക്ക്. ഏതാ നടനും ആഗ്രഹിക്കുന്ന ലാന്‍ഡിംഗ് ആണ് ബോളിവുഡില്‍ റോഷന് ലഭിച്ചിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ പുതിയ സിനിമയില്‍ നായക കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം നാളെ മുംബൈയില്‍ തുടങ്ങും. ഗീതു മോഹന്‍ദാസ് ആണ് തന്‍റെ ഫേസ്‍ബുക്ക് പേജിലൂടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

മലയാളത്തില്‍ അഭിനയിച്ച ചുരുക്കം സിനിമകളില്‍ ആനന്ദം, കൂടെ, ഇപ്പോള്‍ തീയേറ്ററുകളിലുള്ള തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ റോഷന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനായകന്‍റെ ടൈറ്റില്‍ കഥാപാത്രത്തിനും പ്രിയംവദ കൃഷ്ണന്‍ അവസരിപ്പിച്ച 'സാറ'യ്‍ക്കുമൊപ്പം മുഴുനീള കഥാപാത്രത്തെയാണ് തൊട്ടപ്പനില്‍ റോഷന്‍ അവതരിപ്പിച്ചത്. വരാനിരിക്കുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനിലും റോഷന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ 'മന്‍മര്‍സിയാന്' ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റോഷന്‍ നായകനാവുന്നത്. മറ്റ് അണിയറ പ്രവര്‍ത്തകരെയോ താരങ്ങളെയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.