മഞ്ജു വാര്യര്‍ നായികയാവുന്ന തന്റെ പുതിയ ചിത്രം 'പ്രതി പൂവന്‍കോഴി'യില്‍ നായകനാവുക റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തെത്തിയിരുന്നു. നായകനാണെന്ന് പറയുന്നില്ലെങ്കിലും റോഷന്‍ ആന്‍ഡ്രൂസ് തന്റെ പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം ഇപ്പോഴിതാ ഔദ്യോഗികമായി പുറത്തെത്തിയിരിക്കുന്നു. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഉള്‍പ്പെട്ട ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് മമ്മൂട്ടി ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നത്. 

പൊട്ടിയ ഒരു കണ്ണാടിക്കഷ്ണത്തില്‍ മുഖം നോക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററില്‍. എന്നാല്‍ പ്രേക്ഷകരുടെ വീക്ഷണകോണില്‍ കണ്ണാടിയില്‍ ദൃശ്യമാകുന്നത് പിന്നില്‍ നില്‍ക്കുന്ന റോഷന്‍ ആന്‍ഡ്രൂസിനെയാണ്.

ഉണ്ണി ആര്‍ ആദ്യമായെഴുതിയ നോവല്‍ 'പ്രതി പൂവന്‍കോഴി'യുടെ പേരാണ് സിനിമയ്ക്ക്. എന്നാല്‍ നോവലല്ല സിനിമയാകുന്നതെന്നും മറിച്ച് ഉണ്ണി തന്നെ പറഞ്ഞ മറ്റൊരു കഥയാണ് ഇതെന്നും റോഷന്‍ നേരത്തേ പറഞ്ഞിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഉണ്ണി ആര്‍. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഡിസംബറില്‍ തീയേറ്ററുകളിലെത്തും.