Asianet News MalayalamAsianet News Malayalam

രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' നെറ്റ്ഫ്ളിക്സിലും സീ 5ലും; മലയാളം പതിപ്പ് ഏഷ്യാനെറ്റില്‍

ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്കും

rrr digital and satellite partners announcement
Author
Thiruvananthapuram, First Published May 26, 2021, 7:19 PM IST

ബാഹുബലി സിരീസിനു ശേഷം രാജമൗലി ഒരുക്കുന്ന 'ആര്‍ആര്‍ആറി'ന്‍റെ സാറ്റലൈറ്റ്, ഡിജിറ്റര്‍, ഇലക്ട്രോണിക് റൈറ്റുകളുടെ വില്‍പ്പന നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നേട്ടത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്സ് ആരൊക്കെയാണ് വാങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. 

സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും. 

ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

തിയറ്റര്‍ അവകാശം വിറ്റതിലൂടെമാത്രം ചിത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശ് 165 കോടി, ഉത്തരേന്ത്യ 140 കോടി, നിസാം 75 കോടി, തമിഴ്നാട് 48 കോടി, കര്‍ണ്ണാടക 45 കോടി, കേരളം 15 കോടി, വിദേശരാജ്യങ്ങള്‍ 70 കോടി എന്നിങ്ങനെയാണ് അതിന്‍റെ വിശദാംശങ്ങള്‍. മ്യൂസിക് റൈറ്റ്സിന് മറ്റൊരു 20 കോടിയും ലഭിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ കൂടി ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്‍റെ പ്രീ-റിലീസ് ബിസിനസ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios