Asianet News MalayalamAsianet News Malayalam

ഇത് ആഘോഷിക്കാനുള്ള സമയമല്ല; പിറന്നാൾ ദിനത്തിൽ 'ആര്‍ആര്‍ആർ' പോസ്റ്റര്‍ പങ്കുവെച്ച് ജൂനിയര്‍ എന്‍.ടി.ആര്‍

450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

rrr movie new poster for junior ntr
Author
Bengaluru, First Published May 20, 2021, 12:36 PM IST

ബാഹുബലി രണ്ടാം ഭാ​ഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് 'ആര്‍ആര്‍ആര്‍'. രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. താരത്തിന്റെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്.

‘ഈ വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് നിങ്ങള്‍ക്ക് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരിക്കുക എന്നതാവും. കൊവിഡ് 19നെതിരെ നമ്മുടെ രാജ്യം യുദ്ധം ചെയ്യുകയാണ്. ആരോഗ്യരംഗവും കൊവിഡ് മുന്‍നിര പോരാളികളും കൊവിഡിനെതിരെ അക്ഷീണ പ്രയത്‌നം നടത്തുകയാണ്. നിസ്വാര്‍ത്ഥമായ സേവനമാണ് അവര്‍ കാഴ്ചവെക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി, ജീവിതമാര്‍ഗം നഷ്ടപ്പെട്ടു. ഇത് ആഘോഷിക്കാനുള്ള സമയമല്ല. മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയമാണ്,’  എന്ന് ജൂനിയര്‍ എന്‍.ടി.ആര്‍ ട്വീറ്റ് ചെയ്തിരുന്നു.

ഡി വി വി ധനയ്യ ആണ് ആർആർആർ നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios