ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം

കൊവിഡ് (Covid) കേസുകള്‍ വര്‍ധിക്കുന്നതിനിടെ സിനിമാ തീയറ്ററുകള്‍ (Movie houses) അടക്കം അടയ്ക്കാനുള്ള ദില്ലി സര്‍ക്കാരിന്‍റെ (Delhi government) തീരുമാനം ഇന്നലെയാണ് വന്നത്. ഒപ്പം കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രാത്രി കര്‍ഫ്യൂ (Night curfew) കൂടി വരുന്നതോടെ സെക്കന്‍ഡ് ഷോകളും (second show) മുടങ്ങും. പല സംസ്ഥാനങ്ങളിലും 50 ശതമാനം പ്രവേശനം എന്ന നിബന്ധന നിലനില്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് പല ചിത്രങ്ങളും റിലീസ് നീട്ടിവെക്കാനുള്ള ആലോചനകളിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. ദില്ലിയില്‍ തിയറ്ററുകള്‍ അടച്ചതിനു തൊട്ടുപിന്നാലെ ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം 'ജേഴ്സി'യുടെ (Jersey) റിലീസ് മാറ്റുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തോളം തിയറ്ററുകള്‍ അടഞ്ഞുകിടന്നിരുന്നതിനാല്‍ നിരവധി ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്. ജേഴ്സിയുടെ തീരുമാനം വന്നതിനു പിന്നാലെ പല വലിയ ചിത്രങ്ങളും ഇത്തരത്തില്‍ നീട്ടിവെക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതില്‍ പലരും പരാമര്‍ശിച്ച ഒന്നായിരുന്നു രാജമൗലിയുടെ (SS Rajamouli) ആര്‍ആര്‍ആര്‍ (RRR). പലകുറി റിലീസ് നീട്ടിയ ചിത്രം ജനുവരി 7ന് തിയറ്ററുകളില്‍ എത്താനിരിക്കെ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് റിലീസ് മാറ്റിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണം എത്തിയിരിക്കുകയാണ്.

ചിത്രം നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് ഡി വി വി ദനയ്യ തിങ്കളാഴ്ച പിങ്ക് വില്ലയോട് പറഞ്ഞിരുന്നു. എന്നാല്‍ തിയറ്ററുകള്‍ അടയ്ക്കാനുള്ള ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം വന്നതിനു പിന്നാലെ ആര്‍ആര്‍ആര്‍ റിലീസിന്‍റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ രാജമൗലി തന്നെ ഇക്കാര്യത്തില്‍ ഉറപ്പുമായി എത്തിയിരിക്കുകയാണ്. ചിത്രം നീട്ടുന്നില്ലെന്നും ജനുവരി 7നു തന്നെ എത്തുമെന്നും രാജമൗലി തന്നോട് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. 

Scroll to load tweet…

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.