ആര്‍ആര്‍ആറില്‍ ഗവര്‍ണര്‍ സ്കോട്ട് ബക്സ്ടണ്‍ എന്ന കഥാപാത്രത്തെയാണ് റേ സ്റ്റീവന്‍സണ്‍ അവതരിപ്പിച്ചത്
ഐറിഷ് താരം റേ സ്റ്റീവന്‍സണിന്‍റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഉള്‍ക്കൊണ്ടത്. രണ്ടര പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ സെലക്റ്റീവ് ആയി സിനിമകള്‍ ചെയ്ത അദ്ദേഹം പക്ഷേ ലോകമെമ്പാടും പ്രേക്ഷകരെ നേടിയ ചില ചിത്രങ്ങളുടെ ഭാഗമായിരുന്നു. മാര്‍വെലിന്‍റെ തോര്‍ സിനിമകളിലെ വോള്‍സ്റ്റാഗ് എന്ന കഥാപാത്രമായിരുന്നു അതിലൊന്ന്. ആ നിരയില്‍ ഏറ്റവും ഒടുവിലത്തേത് ആഗോളശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ കഥാപാത്രവും.
എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ എപിക് ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ ഗവര്‍ണര്‍ സ്കോട്ട് ബക്സ്ടണ്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളൊക്കെ ഉണ്ടായിരുന്ന റേ സ്റ്റീവന്‍സണ്‍ അവയൊക്കെ ഗംഭീരമാക്കുകയും ചെയ്തു. വിയോഗവാര്‍ത്ത വന്നതിനു പിന്നാലെ അതേക്കുറിച്ച് ആര്‍ആര്‍ആര്‍ ടീം അനുസ്മരിച്ചിട്ടുമുണ്ട്. റേ സ്റ്റീവന്‍സണ്‍ ക്രെയിനില്‍ നിന്നും ഒരു റോപ്പില്‍ തൂങ്ങിനില്‍ക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്‍ ആണ് ആര്‍ആര്‍ആര്‍ ടീം ട്വിറ്ററില്‍ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും- "പ്രയാസമേറിയ ഈ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 56 വയസായിരുന്നു പ്രായം. പക്ഷേ ഈ സംഘട്ടന രംഗത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് ശങ്കയേതുമില്ലായിരുന്നു. ആര്‍ആര്‍ആര്‍ സെറ്റിലെ നിങ്ങളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല, റേ സ്റ്റീവന്‍സണ്‍", എന്നാണ് കുറിപ്പ്.
എസ് എസ് രാജമൗലിയും ട്വിറ്ററിലൂടെ അദ്ദേഹത്തിന് ആദരം നേര്‍ന്നിട്ടുണ്ട്- "ഞെട്ടിക്കുന്നത്... വിശ്വസിക്കാനാവുന്നില്ല ഈ വാര്‍ത്ത. സെറ്റിലേക്ക് ഊര്‍ജ്ജവുമായി കടന്നുവരുന്ന ആളായിരുന്നു അദ്ദേഹം. നമ്മെ ബാധിക്കുന്ന ഒരുതരം ഊര്‍ജ്ജം. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയെന്നത് ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു", റേ സ്റ്റീവന്‍സണ് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് രാജമൗലി ട്വിറ്റ് ചെയ്തു.
1964 മെയ് 25 ന് ലിസ്ബേണിലാണ് റേ സ്റ്റീവന്‍സണിന്‍റെ ജനനം. എട്ടാം വയസ്സില്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ ഓള്‍ഡ് വിക് തിയറ്റര്‍ സ്കൂളില്‍ ചേര്‍ന്നു. 29-ാം വയസ്സില്‍ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം സിനിമകളിലും ടെലിവിഷനിലുമായി അഭിനയജീവിതം ആരംഭിക്കുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഭിനയരംഗത്ത് സജീവമാണ് ഇദ്ദേഹം. 1998 ല്‍ പുറത്തെത്തിയ ദി തിയറി ഓഫ് ഫ്ലൈറ്റ് ആണ് പ്രേക്ഷകശ്രദ്ധ നേടിയ ആദ്യ ചിത്രം. പണിഷര്‍: വാര്‍ സോണിലെയും മാര്‍വെലിന്‍റെ തോര്‍ സിനിമകളിലെയും കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ആര്‍ആര്‍ആറിനു ശേഷം ആക്സിഡന്‍റ് മാന്‍: ഹിറ്റ്മാന്‍സ് ഹോളിഡേ എന്ന ചിത്രത്തിലും അഭിനയിച്ചു. സ്കോട്ട് ആഡ്കിന്‍സ് ഇതില്‍ സഹതാരമായിരുന്നു. എച്ച്ബിഒയുടെയും ബിബിസിയുടെയും സിരീസ് ആയ റോമിന്‍റെ 22 എപ്പിസോഡുകളിലും റേ സ്റ്റീവന്‍സണിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. 1242: ഗേറ്റ്‍വേ ടു ദി വെസ്റ്റ് എന്ന ചിത്രത്തില്‍ കെവിന്‍ സ്പേസിക്കു പകരം അഭിനയിക്കാനുള്ള കരാറില്‍ ഈയിടെ അദ്ദേഹം ഒപ്പു വച്ചിരുന്നു. ഒരു ഹംഗേറിയന്‍ പുരോഹിതന്‍റെ വേഷമാണ് ഇതില്‍ ചെയ്യേണ്ടിയിരുന്നത്.
ALSO READ : അഖില്‍, ജുനൈസ്, നാദിറ; പൊട്ടിച്ചിരിപ്പിച്ച് മഹേഷിന്‍റെ ബിഗ് ബോസ് മിമിക്രി

