മലയാളികളുടെ ജീവിതത്തിലെ എല്ലാ വികാരങ്ങൾക്കും ശബ്ദം നൽകിയ എസ്. ജാനകി, ഒരു പിന്നണി ഗായിക എന്നതിലുപരി മലയാളത്തിന്റെ സ്വന്തം ജാനകിയമ്മയായി മാറി. ജി. ദേവരാജൻ മുതൽ പുതിയ തലമുറയിലെ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ച അവർ, മലയാളിയുടെ ഓരോ ജീവിതമുഹൂർത്തത്തിലും ഓർക്കുന്ന ഗാനങ്ങൾ സമ്മാനിച്ചു.
മലയാളിയുടെ എല്ലാ ജീവിത വികാരങ്ങളെയും കോർത്തിണക്കിയ ശബ്ദം. കാമുകിയായും മകളായും അമ്മയായും മലയാളിയുടെ നിത്യജീവിതത്തിലെ നിറശബ്ദമായി നിറഞ്ഞുനിന്ന സംഗീതമായിരുന്നു എസ്. ജാനകി. അങ്ങനെയാണ് കേവലമൊരു പിന്നണി ഗായികക്കുമപ്പുറം അവർ മലയാളികളുടെ ജാനകിയമ്മയായി മാറിയത്. മലയാള ചലച്ചിത്ര സംഗീത ശാഖയുടെ തുടക്കം മുതലേ അനിവാര്യമായിരുന്നു ജാനകി. കേരളം കണ്ട പ്രഗത്ഭരായ എല്ലാ സംഗീത സംവിധായകർക്കും ഗാന രചയിതാക്കൾക്കും അവർ ശബ്ദമായി. ഒരുകാലത്ത് വെള്ളിത്തിരയിലെ നായികമാരുടെ ഗാന ശബ്ദത്തിന് ജാനകിയല്ലാതെ മറ്റാരുമില്ലെന്ന അവസ്ഥയായിരുന്നു. ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, എംഎസ് ബാബുരാജ്, എംഎസ് വിശ്വനാഥൻ, കെ. രാഘവൻ, ജോൺസൺ, രവീന്ദ്രൻ, ശ്യാം തുടങ്ങി പ്രഗത്ഭരായ അനേകം സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സംഗീത സംവിധായകർക്ക് ജാനകിയുടെ ശബ്ദം പ്രിയപ്പെട്ടതായി. ഒരുകാലത്ത് യേശുദാസ്-ജാനകി ജോഡിയെ കാലാലോകം നെഞ്ചോട് ചേർത്തു. ഏതായിരിക്കും മലയാളിക്ക് ജാനകിയുടെ ഇഷ്ടഗാനമെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരിക്കില്ല. മലയാളിയുടെ ഏതൊരു ജീവിതമുഹൂർത്തമെടുത്താലും അതിലെ വൈകാരിക പശ്ചാത്തലത്തിന് ഏതെങ്കിലുമൊരു ജാനകി ഗാനം തേടിയെത്തും.
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ..., സൂര്യകാന്തി... സൂര്യകാന്തി...., സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ…, മാണിക്യ വീണയുമായെൻ...,തുമ്പി വാ തുമ്പക്കുടത്തിൽ.., അല്ലിയാമ്പൽ കടവിൽ അന്നു നമ്മൾ..., മൗനമേ നിറയും മൗനമേ..., വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..., ഏറ്റുമാനൂർ അമ്പലത്തിൽ എഴുന്നള്ളത്ത്..., നാണമാവുന്നുവോ... മേനി വിറയ്ക്കുന്നുവോ..., ആയിരം പാദസരങ്ങൾ കിലുങ്ങി..., തുഷാരബിന്ദുക്കളേ... വിതുമ്പുമെൻ... ഇങ്ങനെ മലയാളിയെ വിഷാദത്തിലാക്കിയും സന്തോഷിപ്പിച്ചും എത്രയെത്ര ഗാനങ്ങൾക്ക് ജാനകി ശബ്ദം നൽകി. അവസാനം ഏറ്റവും ഒടുവിൽ പാടിനിർത്തിയതും നമ്മുടെ മലയാളത്തിൽ ആയിരുന്നുവെന്നത് കാവ്യനീതി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ജാനകിയുടെ ജനനം. സംഗീതം ശാസ്ത്രീയമായി പഠിക്കാൻ മോഹിച്ചിട്ടും അത് നടക്കാതെ പോയൊരു തെലുങ്ക് പെണ്‍കുട്ടിയുടെ ജീവിതം മാറുന്നത് 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനം നേടിയപ്പോഴായിരുന്നു. 57ൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിൽ പാടി തുടക്കം. ആദ്യ വർഷം തന്നെ അഞ്ചു ഭാഷകളിൽ പാടി. മലയാളത്തിലും ആ വർഷത്തിൽ ജാനകിയുടെ ശബ്ദമെത്തി. മിന്നൽ പടയാളി' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. 14 തവണയാണ് ജാനകിക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചത്.