എന്റെ ആദ്യത്തെ സിനിമകളായ നേരവും പ്രേമവും മലയാളത്തിലും തമിഴിലും വലിയ ആഘോഷമാക്കിയ സിനിമകളാണ്. ഒരുപാട് നല്ല പാട്ടുകൾ ഇതിൽ ഉണ്ടെങ്കിലും, സ്ത്രീകൾ പാടുന്ന പാട്ടുകളോ അവരുടെ പെർസ്പെക്റ്റീവിലുള്ള പാട്ടുകളോ അതിലില്ല.

മലയാളത്തിലെ രണ്ടു സൂപ്പർഹിറ്റ് ചിത്രങ്ങളാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരവും പ്രേമവും. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രം പ്രേമം റിലീസ് ചെയ്തു പത്തുവർഷം പിന്നിടുമ്പോഴും പ്രേമം ഉണ്ടാക്കിയ ഓളം കുറഞ്ഞിട്ടില്ല. ഇപ്പോളിതാ പ്രേമത്തിലും നേരത്തിലും പ്രധാന വേഷത്തിലെത്തിയ ശബരീഷ് വർമ്മ അതിലെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുന്നു. നടനെന്നതിലുപരി ഗാനരചയിതാവും ഗായകനും കൂടിയാണ് ശബരീഷ്. താൻ ഭാഗമായ ഈ രണ്ടു സിനിമകളിലെ ഗാനങ്ങളിൽ ഒന്ന് പോലും സ്ത്രീകളുടെ പെർസ്പെക്റ്റീവിൽ നിന്നുകൊണ്ടല്ല എന്ന് ശബരീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ജങ്കാർ എന്ന സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യൂനിടെയാണ് ശബരീഷ് ഇക്കാര്യം തുറന്നു പറഞ്ഞത്.

' എന്റെ ആദ്യത്തെ സിനിമകളായ നേരവും പ്രേമവും മലയാളത്തിലും തമിഴിലും വലിയ ആഘോഷമാക്കിയ സിനിമകളാണ്. ഒരുപാട് നല്ല പാട്ടുകൾ ഇതിൽ ഉണ്ടെങ്കിലും, സ്ത്രീകൾ പാടുന്ന പാട്ടുകളോ അവരുടെ പെർസ്പെക്റ്റീവിലുള്ള പാട്ടുകളോ അതിലില്ല. അത് എന്ത് കൊണ്ടാണെന്ന് ഞങ്ങൾക്കും അറിയില്ല. ഞങ്ങൾ തന്നെ ഇതൊരുപാട് തവണ ചർച്ച ചെയ്തതാണ്. ഞങ്ങളുടെ ചിന്തയിൽ വന്നിട്ടില്ല. ഞങ്ങൾ എഴുതുമ്പോൾ അത്രമാത്രം സ്വാധീനിച്ച സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിട്ടില്ല.ഭാവന ഉപയോഗിക്കാം പക്ഷേ, അത് ചിന്തയിൽ വന്നില്ലെന്നതാണ് ഞങ്ങൾ പിന്നീട് ആലോചിക്കുമ്പോൾ അത്ഭുതമായി തോന്നിയത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ മലയാളത്തിൽ വരണം.'- ശബരീഷ് വർമ്മയുടെ വാക്കുകൾ.

മനോജ് ടി യാദവ് സംവിധാനം ചെയ്യുന്ന ശ്വേത മേനോൻ പ്രധാന കഥാപാത്രമായി എത്തുന്ന ജങ്കാറാണ് ശബരീഷിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം . ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേമം റിലീസ് ചെയ്തു പത്തു വർഷം പിന്നിടുമ്പോഴും ജോർജിനൊപ്പം സുപ്രധാന വേഷത്തിലെത്തിയ ശംബു എന്ന കഥാപാത്രം ശബരീഷിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഇപ്പോഴും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവഹിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ശബരീഷ് ചെയ്തിട്ടുണ്ട്. ഭീഷ്മപർവ്വം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ദേവനന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന ധീരൻ എന്ന ചിത്രത്തിലും ശബരീഷ് സുപ്രധാന വേഷത്തിലേത്തുന്നുണ്ട്. ചിത്രം ജൂലൈ റിലീസായി എത്തും.