'കഥാന്ത്യത്തില്‍ കലങ്ങി തെളിയണം, നായകന്‍ വില്ലൊടിക്കണം, കണ്ണീരു നീങ്ങി കളിചിരിയിലാവണം ശുഭം.. കയ്യടി പുറകെ വരണം, എന്തിനാണ് ഹേ ഒരു ചോദ്യമോ ദു:ഖമോ ബാക്കിവെക്കുന്നത്. തിരശീലയില്‍ നമുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി'. മനസില്‍ കൊണ്ടുനടന്നിരുന്ന സമാന്തര സിനിമയുടെ സങ്കല്‍പ്പത്തില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ സച്ചി കുറിച്ചിട്ട വാക്കുകളാണിത്. ആ വഴിമാറിനടത്തത്തിന്‍റെ ഗുണം കിട്ടിയത് മുഖ്യധാരാ മലയാള സിനിമയ്ക്കായിരുന്നു. ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി ഏറെക്കാലം തുടര്‍ന്ന്, അയ്യപ്പനും കോശിയുമെന്ന ഭാഷയ്ക്കപ്പുറത്തേക്ക് പോകുന്ന വിജയം കൊട്ടിക്കയറിയ നേരത്താണ് സൃഷ്ടാവിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍.

ഒരുപാട് സംസാരിക്കുന്ന നായകരില്‍ നിന്ന് സംഭാഷണങ്ങളിലുള്‍പ്പെടെയുള്ള സ്വാഭാവികതയിലേക്ക് സിനിമ വഴിമാറി നടന്ന കാലത്തും തനിക്കുമാത്രം കഴിയുന്നതരം സിനിമകളാണ് സച്ചി ചെയ്‍തത്. ജനപ്രിയമാകുവാന്‍ വേണ്ടി ചില വിജയ ഫോര്‍മുലകള്‍ പിന്തുടരാന്‍ ശ്രമിക്കുമ്പോഴും അവ പ്രേക്ഷകര്‍ക്ക് ആവര്‍ത്തനത്തിന്‍റെ ചവര്‍പ്പ് സമ്മാനിക്കാതിരിക്കുവാന്‍ സച്ചി ശ്രദ്ധിച്ചു. അഥവാ അതായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാ എഴുത്തിന്‍റെ മൂലമന്ത്രം. ഒറ്റനായകനപ്പുറം നിരവധി കഥാപാത്രങ്ങളും അവരിലെ വൈചിത്ര്യങ്ങളുമൊക്കെ സച്ചിയുടെ പേന കുറിച്ചിട്ടു. ഒരര്‍ഥത്തില്‍ മലയാളസിനിമയിലെ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും തലമുറമാറ്റം നടന്നുകൊണ്ടിരിക്കുമ്പോള്‍, രണ്ടിലും പെടാതെ അല്ലെങ്കില്‍ രണ്ടിലും ഉള്‍പ്പെട്ടുകൊണ്ട് തന്‍റേതായ വഴികളിലൂടെ നടക്കുകയായിരുന്നു സച്ചി.

 

എല്ലാ അര്‍ഥത്തിലും സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്‍റെ സാങ്കേതിക മികവില്‍ തുടങ്ങി വിനോദമൂല്യത്തിലും അതു പറഞ്ഞ രാഷ്ട്രീയത്തിലുമൊക്കെ സച്ചി മലയാളസിനിമയിലെ സ്വന്തം കസേര കുറച്ചുകൂടി ഉയര്‍ന്ന പ്രതലത്തിലേക്ക് നീക്കിയിട്ടു. റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനും പൊലീസുകാരന്‍ അയ്യപ്പന്‍ നായര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷത്തെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമാരൂപത്തിലേക്ക് എത്തിച്ചിട്ടും പടത്തിന് റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ടായി എന്നതാണ് സച്ചി നേടിയ വിജയം. പറയാന്‍ എന്തെങ്കിലുമുള്ള ഒരു സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും ഡയലോഗുകളുമൊക്കെ 'മാസ്' എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കാഴ്ച കൂടിയായിരുന്നു അയ്യപ്പനും കോശിയും.

ഭാഷാഅതിരുകള്‍ക്കപ്പുറത്തേക്ക് കടന്നുള്ള സ്വീകാര്യതയും ചിത്രം നേടി. അതിന്‍റെ ഏറ്റവും വലിയ തെളിവായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസിനു പിന്നാലെ ട്വിറ്ററില്‍ വന്ന, മലയാളികളല്ലാത്ത സിനിമാപ്രേമികളുടെ നിരൂപണങ്ങള്‍. കുമ്പളങ്ങി നൈറ്റ്സിനുശേഷം ഇത്രയധികം ട്വിറ്റര്‍ നിരൂപണങ്ങള്‍ ലഭിച്ച മലയാളചിത്രം അയ്യപ്പനും കോശിയും ആയിരിക്കും. തമിഴിലും ഹിന്ദിയിലുമുള്‍പ്പെടെ വിവിധ ഭാഷകളിലുള്ള റീമേക്കിന്‍റെ വാര്‍ത്തകള്‍ വരുന്നത് പിന്നാലെയാണ്. കഴിഞ്ഞ 13 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടിയതിനേക്കാള്‍ പ്രേക്ഷകരുടെ സ്നേഹബഹുമാനങ്ങള്‍ സച്ചി ഈ ഒറ്റ ചിത്രം കൊണ്ടു നേടിയെന്ന് പറഞ്ഞാല്‍ അത്ര അതിശയോക്തിയാവില്ല. സച്ചി എന്ന ചലച്ചിത്രകാരന്‍റെ ഇനിയുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഒരുപാട് പുതിയ പ്രേക്ഷകരെ അദ്ദേഹത്തിനു നേടിക്കൊടുത്തിരുന്നു അയ്യപ്പനും കോശിയും. ആ കാത്തിരിപ്പുകളൊക്കെ വിഫലമാക്കിക്കൊണ്ടാണ് സച്ചി എന്ന കെ ആര്‍ സച്ചിദാനന്ദന്‍ 48-ാം വയസ്സില്‍ പൊടുന്നനെ മാഞ്ഞുപോകുന്നത്.