പിണറായിസത്തിനെതിരെ സംസാരിച്ചയാളാണെന്ന് സായ് കൃഷ്‍ണ.
നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ കേരളത്തിൽ എൽഡിഎഫിനുണ്ടായ പരാജയത്തെക്കുറിച്ച് പ്രതികരിച്ച് യൂട്യൂബർ സായ് കൃഷ്‍ണ. ഈ ദിവസം തനിക്ക് വളരെ വ്യക്തിപരമാണെന്നും പിണറായിസത്തിനെതിരെ പല തവണ സംസാരിച്ചയാളാണ് താനെന്നും സായ് പറയുന്നു.
''യുഡിഎഫ് തൂക്കുകയല്ല, തീർക്കുകയാണ് ചെയ്തത്. 3.0 സ്വപ്നം കണ്ടിരുന്ന കമ്മിക്കൂട്ടങ്ങളെ തീർത്ത് കളഞ്ഞു. എനിക്ക് ഭയങ്കര വ്യക്തിപരമായി തോന്നുന്ന ദിവസമാണ്. ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് പിണറായിസത്തിന് എതിരെയാണ്. വ്യക്തി ജീവിതത്തിൽ അതിന്റെ പേരിൽ ഞാൻ അനുഭവിച്ച കുറേയധികം വിഷയങ്ങളുണ്ട്. പക്ഷേ അതൊന്നും പബ്ലിക്കായി വന്ന് ഞാൻ പറഞ്ഞിട്ടില്ല. എവിടെയൊക്കയോ എന്തൊക്കയോ പറഞ്ഞിട്ടുണ്ടെന്ന് മാത്രം. കമ്യൂണിസ്റ്റുകാരുമായുള്ള പ്രശ്നങ്ങളും വീഡിയോ ഇടുന്നതുകൊണ്ട് വന്നിട്ടുള്ള പ്രശ്നങ്ങളും മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിൽ കൂടുതൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. അക്കൗണ്ട് അടിച്ച് കളയൽ, പോലീസ് കേസ്, നടുറോട്ടിൽ നിന്ന് അടി തുടങ്ങി വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ പിണറായിസത്തിന് എതിരെ സംസാരിച്ചതുകൊണ്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നെ ആരെങ്കിലും കണ്ണൂരേക്ക് ക്ഷണിച്ചാൽ ഞാൻ പോകാറില്ല. അവിടെ നല്ലവരായ ആൾക്കാരുമുണ്ട്. പക്ഷേ, പാർട്ടി ഭ്രാന്ത് പിടിച്ചിട്ടുള്ള പിണറായിസം തലയ്ക്ക് പിടിച്ച കുറേയെണ്ണങ്ങൾ എനിക്ക് തന്ന അനുഭവം മോശമാണ്.
പിണറായിസം അവസാനിക്കണമെന്നത‍് എന്റെ വലിയ ആഗ്രഹമായിരുന്നു. ജയിച്ചിട്ടും വളരെ മോശമായ ജയമാണ് ധർമ്മടത്ത് പിണറായി വിജയന് ഉണ്ടായിട്ടുള്ളത്. പിണറായി വിജയൻ പണി നിർത്തി വീട്ടിലിരിക്കണം അതാണ് നല്ലത്. എല്ലാവരും വനവാസത്തിന് പോകുമെന്ന് കരുതിയ വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയുമാകണം. കമ്യൂണിസ്റ്റുകാരെ ഞാൻ വിലകുറച്ച് കാണുന്നില്ല. നിങ്ങൾ തിരിച്ച് വന്നാൽ അതു കൊള്ളാം. പ്രതിപക്ഷ പാർട്ടിയായി കമ്യൂണിസ്റ്റുകാർ നിന്നാൽ അത് വേറൊരു ലെവൽ പവറാണ്. നല്ല നേതാക്കന്മാർ വരണം. ബംഗാളിലെപ്പോലെയോ തൃപുരയിലെപ്പോലെയോ കേരളത്തിലാകാൻ പാടില്ല'', സായ് കൃഷ്‍ണ വീഡിയോയിൽ പറഞ്ഞു.
