ചെന്നൈ: സിനിമയില്‍ അമിതമായി മേക്കപ്പ് ഉപയോഗിക്കാത്ത നടിയാണ് സായ് പല്ലവി. തന്റെ മുഖത്തെ കുരുക്കള്‍ മറയ്ക്കാതെ തന്നെയാണ് സായ് പല്ലവി വെള്ളിത്തിരയിൽ എത്താറുള്ളത്. സാമൂഹ്യമാധ്യമങ്ങളിൽ മിക്കവാറും മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. അതിനിടയിൽ അമിത മേക്കപ്പിൽ തനിക്ക് താൽപര്യമില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് താരം. മേക്കപ്പിടണമെന്ന ഒറ്റക്കാരണത്താൽ തനിക്ക് വന്ന രണ്ട് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വച്ചിരിക്കുകയാണ് സായ് പല്ലവി. 

ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തിൽ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫർ‌ ചെയ്തത്. എന്നാൽ തന്റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി ഒരിക്കലും തയ്യാറായിരുന്നില്ല. കോടികള്‍ വാ​ഗ്ദാനം ചെയ്തെത്തിയ പരസ്യനിര്‍മാതാക്കളോട് അ​ഭിനയിക്കാൻ താനില്ലെന്ന് താരം പറഞ്ഞതായാണ് റിപ്പോർട്ട്.   
 
നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കലിയാണ് രണ്ടാമത്തെ  ചിത്രം. ഫഹദ് ഫാസിൽ നായകനായ അതിരനാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവർ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.