ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി ഹൃദയം കവര്‍ന്ന നടി. സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവി കാട്ടുവള്ളിയില്‍ തൂങ്ങി ആടുന്ന ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സായ് പല്ലവി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രസികൻ ക്യാപ്ഷനും സായ് പല്ലവി ഫോട്ടോയ്‍ക്ക് എഴുതിയിട്ടുണ്ട്.

പുഴയുടെ മീതെയാണ് സായ് പല്ലവി വള്ളിയില്‍ തൂങ്ങി ആടുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയാണ് താൻ എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൈവിട്ടുപോകല്ലേ ഡോക്ടര്‍ എന്നാണ് മിക്കവരും എഴുതിയിരിക്കുന്നത്. സായ് പല്ലവി അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. സിനിമയില്‍ അല്ലെങ്കിലും സായ് പല്ലവിയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ലൗവ് സ്റ്റോറിയാണ് സായ് പല്ലവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. നാഗ ചൈതന്യയാണ് ചിത്രത്തില്‍ നായകൻ. ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് രോഗ ഭീതിയുടെ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് നീളുന്നത്.  ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്‍കിയ പവൻ ആണ്. ഹരിചരണ്‍ ആണ് ചിത്രത്തിലെ പ്രധാന ഗായകൻ.

കോയമ്പത്തൂര്‍ സ്വദേശിയാണ് സായ് പല്ലവി. എംബിബിഎസ് വിദ്യാര്‍ഥിയായിരിക്കെയാണ് സിനിമയുടെ ഭാഗമാകുന്നത്. കസ്‍തൂരിമാൻ എന്ന മലയാള ചിത്രത്തില്‍ ബാല നടിയായി സായ് പല്ലവി വേഷമിട്ടുണ്ട്. മലയാളത്തില്‍ എന്നായിരിക്കും ഇനി സായ് പല്ലവി അഭിനയിക്കുക എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.