സൈജു കുറുപ്പ് നായകനായ ചിത്രം.
രണ്ടാം വാരത്തിലും മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ‘ആരം’. ആദ്യ ദിവസങ്ങളിൽ സമ്മിശ്ര അഭിപ്രായങ്ങൾ ഉയർന്നെങ്കിലും, കുടുംബപ്രേക്ഷകർ തിയേറ്ററിലെത്തി ചിത്രം കണ്ടതോടെ ‘ആര’ത്തിന് മികച്ച വാക്ക് ഓഫ് മൗത്ത്. രണ്ടാം വാരത്തിലും പ്രേക്ഷകരിൽനിന്ന് അനുകൂല പ്രതികരണങ്ങൾ ലഭിച്ച് ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് ‘ആരം’. ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അതിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബപ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണയും ചിത്രത്തെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും രണ്ടാം വാരത്തിലും തിയേറ്ററുകളിലേക്കുള്ള പ്രേക്ഷകപ്രവാഹം തുടരാൻ സഹായിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥനായുള്ള സൈജു കുറുപ്പിന്റെ പ്രകടനവും അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നു.
വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ. ജിത്തു ദാമോദർ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.
ചിത്രത്തിന്റെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പാർട്ണറാണ് സോണി ലിവ്. സ്ട്രീമിംഗ് തീയതി പിന്നീട് അറിയിക്കും. ‘ആരം’ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്.
