ശ്രുതി നമ്പൂതിരി, വി.എസ് സനോജ്, അരുണ്‍.ജെ.മോഹൻ എന്നിവരാണ് ഇക്കുറി പുരസ്കാര നേട്ടത്തിലെത്തിയതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു

തിരുവനന്തപുരം: സിനിമ രംഗത്ത്‌ വനിതകളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പദ്ധതി പ്രകാരം 2020-21 ലേക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശ്രുതി നമ്പൂതിരി, വി.എസ് സനോജ്, അരുണ്‍.ജെ.മോഹൻ എന്നിവരാണ് ഇക്കുറി പുരസ്കാര നേട്ടത്തിലെത്തിയതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. വനിതാ വിഭാഗത്തില്‍ ശ്രുതി നമ്പൂതിരിയാണ് ഒന്നാം സ്ഥാനം നേടിയത്. ബി 32 മുതൽ 44 വരെ എന്ന തിരക്കഥയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ വി.എസ് സനോജിന്റെ ‘അരിക്’ എന്ന തിരക്കഥയ്ക്ക് ഒന്നാം സ്ഥാനവും അരുണ്‍.ജെ.മോഹന്റെ ‘പിരതി’ എന്ന തിരക്കഥയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചെന്നും മന്ത്രി അറിയിച്ചു. വനിതകളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തേക്ക് രണ്ട് തിരക്കഥകള്‍ക്ക് ജൂറി തുല്യപിന്തുണ നല്‍കിയതിനാല്‍ ചലച്ചിത്ര മേഖലയിലെ പ്രഗല്‍ഭരുടെ അഭിപ്രായം ആരാഞ്ഞ ശേഷം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമാവധി 1.5 കോടി രൂപ വീതമാണ് തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകള്‍ സിനിമയാക്കുവാനായി അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു.

മന്ത്രി സജി ചെറിയാന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

സിനിമ രംഗത്ത്‌ വനിതകളെയും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പദ്ധതി പ്രകാരം 2020-21 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനു തെരഞ്ഞെടുക്കപ്പെട്ട സംവിധായകരെ പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തില്‍ ശ്രുതി നമ്പൂതിരിയാണ് ഒന്നാം സ്ഥാനം നേടിയത്. ബി 32 മുതൽ 44 വരെ എന്ന തിരക്കഥയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ വി.എസ് സനോജിന്റെ ‘അരിക്’ എന്ന തിരക്കഥയ്ക്ക് ഒന്നാം സ്ഥാനവും അരുണ്‍.ജെ.മോഹന്റെ ‘പിരതി’ എന്ന തിരക്കഥയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. വനിതകളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തേക്ക് രണ്ട് തിരക്കഥകള്‍ക്ക് ജൂറി തുല്യപിന്തുണ നല്‍കിയതിനാല്‍ ചലച്ചിത്ര മേഖലയിലെ പ്രഗല്‍ഭരുടെ അഭിപ്രായം ആരാഞ്ഞ ശേഷം തെരഞ്ഞെടുക്കും. പരമാവധി 1.5 കോടി രൂപ വീതമാണ് തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകള്‍ സിനിമയാക്കുവാനായി അനുവദിക്കുക.

2019-20 വർഷത്തിലാണ് ആദ്യമായി വനിതകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന നൂതനമായ പദ്ധതി നടപ്പിലാക്കിയത്. ക്യാമറയ്ക്കു പിന്നിലെ സ്ത്രീ സാന്നിദ്ധ്യം വിരളമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കുവാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. ഈ വര്‍ഷമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന സംവിധായകരുടെ സിനിമ എന്ന പദ്ധതി ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തില്‍ 79 പ്രൊപ്പോസലുകളും വനിതകളുടെ സംവിധാനത്തിലെ സിനിമ വിഭാഗത്തിൽ 41 പ്രൊപ്പോസലുകളുമാണ് പരിഗണനയ്ക്കായി ലഭിച്ചത്. ഇതില്‍ നിന്നും മൂന്ന് ഘട്ടങ്ങളിലായി ചലച്ചിത്ര മേഖലയിലെ പ്രഗല്‍ഭ സംവിധായകരും തിരക്കഥാകൃത്തുക്കളുമടങ്ങിയ വ്യത്യസ്ത ജൂറികള്‍ ആണ് അന്തിമ പട്ടികയില്‍ ഇടം തേടിയ തിരക്കഥകള്‍ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്ക് ആശംസകള്‍ നേരുന്നു.