മലയാള സിനിമാ നിര്‍മ്മാണത്തിന് പുതിയ നയം രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്

മലയാള സിനിമാ നിര്‍മ്മാണത്തിന് പുതിയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്‍റെ ആദ്യ സെഷനില്‍ പരാതി പറഞ്ഞ് നടി അന്‍സിബ ഹസന്‍. കോണ്‍ക്ലേവില്‍ സംസാരിച്ച ആരും അമ്മ സംഘടനയെ പരാമര്‍ശിക്കുന്നില്ലെന്നാണ് അന്‍സിബ പറഞ്ഞത്. എല്ലാവരും പറയുന്നത് ഡബ്ല്യുസിസിയെക്കുറിച്ചും ഫെഫ്കയെക്കുറിച്ചും മാത്രമാണെന്നും അന്‍സിബ പറഞ്ഞു. എന്നാല്‍ അങ്ങനെ ഒന്നുമില്ലെന്ന് ആശ്വസിപ്പിച്ച് സാംസ്കാരിക മന്ത്രിയുടെ പ്രതികരണം എത്തി. എല്ലാവർക്കും അമ്മ, അമ്മ എന്ന് പറയാമെന്നും തമാശയായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

താരസംഘടനയായ അമ്മയുടെ പുതിയ ജോയിന്‍റ് സെക്രട്ടറിയായി അന്‍സിബ ഹസ്സന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 15 നാണ് അമ്മ സംഘടനയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരനെ കൂടാതെ രവീന്ദ്രന്‍ ആണ് മത്സരിക്കുന്നത്. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും.

കലാമൂല്യം കൊണ്ടും വാണിജ്യമൂല്യം കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ചുവടുവെപ്പാണ് കേരള ഫിലിം പോളിസി കോണ്‍ക്ലേവെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മലയാള സിനിമയുടെ ഭാവി രൂപപ്പെടുത്തുന്ന ദീര്‍ഘവീക്ഷണസ്വഭാവമുള്ള നയരേഖയ്ക്കാണ് സര്‍ക്കാര്‍ അന്തിമരൂപം നല്‍കാന്‍ പോവുന്നത്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാസൗഹൃദ സംസ്ഥാനമാക്കുക എന്നതാണ് ഇതുവഴി കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ചലച്ചിത്രനയം രൂപീകരിക്കുന്നതിനായി ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്രയും വിശാലമായ ഒരു ജനാധിപത്യവേദി ഒരുക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലായി ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട 9 പ്രധാന വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്. മൂന്ന് ഉപവിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി നടക്കും. കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടന്നുവരുന്ന കേരള ട്രാവല്‍ മാര്‍ട്ട് പോലെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ കേരള ഫിലിം മാര്‍ട്ട് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News | Live Breaking News | MK Sanu | Kerala Nuns