മലയാള സിനിമയ്ക്ക് കഴിവുറ്റ സംവിധായകനെ 21 ​ഗ്രാംസിലൂടെ ലഭിച്ചുവെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. 

വാ​ഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് '21 ​ഗ്രാംസ്'(21 Grams). അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയ്ക്ക് കഴിവുറ്റ സംവിധായകനെ 21 ​ഗ്രാംസിലൂടെ ലഭിച്ചുവെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ബിബിൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞ വാക്കുകളും അതിന് അനൂപ് മേനോൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

കഥാപരമായും സാങ്കേതികപരമായും മികച്ചു നില്‍ക്കുന്ന ചിത്രമാണ് 21 ഗ്രാംസ്. പക്ഷെ രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ അടുത്ത ആഴ്ച്ച റിലീസ് ആകുമ്പോള്‍ 21 ഗ്രാംസ് തിയേറ്ററില്‍ നിന്ന് എടുത്ത് കളയരുതെന്നാണ് സജി സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നത്. ഈ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു അനൂപിന്റെ പ്രതികരണം. "രാജമൗലി മാമാ.. ചതിക്കരുത്" എന്നാണ് അനൂപ് കുറിച്ചത്. എന്തായാലും അനൂപിന്റെ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

"21 Grams....ഏററവും അടുത്ത സുഹൃത്ത് നായകനായി അഭിനയിച്ച സിനിമ ആയതു കൊണ്ട് പുകഴ്ത്തി പറയുന്നതല്ല, നെഞ്ചിൽ കൈ വച്ച് പറയുവാ.. ഗംഭീരം ... climax അതി ഗംഭീരം ... Script, Making , casting, Editing, Music, cinematography, Performance തുടങ്ങി എല്ലാ മേഖലയിലും മികച്ച് നിൽക്കുന്ന, അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു സിനിമ.. കണ്ടില്ലെങ്കിൽ ഒരു തീരാനഷ്ടം തന്നെ... ഒരു പ്രാർത്ഥന മാത്രം.. ബാഹുബലിയുടെ ഡയറക്ടർ ശ്രീ രാജമൗലിയുടെ RRR അടുത്ത ആഴ്ച release ആകുമ്പോഴും ഈ കൊച്ച് സിനിമയെ തീയേറ്ററിൽ നിന്നും എടുത്ത് കളയരുതെ എന്ന്..." എന്നാണ് സജി ഫേസ്ബുക്കിൽ കുറിച്ചത്. 

ഒരു കൊലപാതകത്തെ തുടർന്ന് അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. 'അഞ്ചാം പാതിര'യ്ക്കും 'ഫോറൻസിക്‌'നും 'ഓപ്പറേഷൻ ജാവ'യ്ക്കും ശേഷം ഈ ജോണറിൽ ഇറങ്ങുന്ന ചിത്രം കൂടിയാണ് 21 ​ഗ്രാംസ്. 

സിനിമയ്ക്ക് അനുയോജ്യമായ വിഷ്വൽസും പശ്ചാത്തലസംഗീതവും സിനിമയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. അനൂപ് മേനോൻ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് പുറത്തെത്താനിരിക്കുന്നത്. പദ്മ, കിം​ഗ് ഫിഷ് എന്നിവയാണ് അവ. രചനയ്ക്കും സംവിധാനത്തിനുമൊപ്പം അനൂപ് മേനോന്‍ തന്നെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അതേസമയം കിം​ഗ് ഫിഷില്‍ അനൂപിനൊപ്പം സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്‍റെയും രചന അനൂപ് മേനോന്‍റേത് തന്നെയാണ്. കണ്ണന്‍ താമരക്കുളത്തിന്‍റെ സംവിധാനത്തിലെത്തുന്ന വരാല്‍ എന്ന ചിത്രത്തിലും അനൂപ് മേനോന്‍ ആണ് നായകന്‍. നായകനാവുന്ന അനൂപ് തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.