കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ അണിചേര്‍ന്നിരിക്കുകയാണ് രാജ്യം. പ്രധാനമന്ത്രി ജനതാ കര്‍ഫ്യുവിന് ആഹ്വാനം ചെയ്‍തപ്പോള്‍ തന്നെ വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പരിഹാസവുമായി ചില ട്രോളുകളും വന്നു. അത്തരം ട്രോളുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സലിംകുമാര്‍. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്ന് സലിം കുമാര്‍ പറയുന്നു.

ജനതാ കര്‍ഫ്യു സംബന്ധിച്ച് ഒരുപാട് ട്രോളുകള്‍ വന്നു. അതില്‍ കൂടുതലും എന്റെ മുഖം വെച്ചുള്ള ട്രോളുകളാണ്. അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണം. എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ട്. കൊറോണ ട്രോളുകള്‍ കൊണ്ടു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നതുവരേയുള്ളൂവെന്നും സലിം കുമാര്‍ പറയുന്നു. അഞ്ച് മണിക്ക് പാത്രം കൊണ്ട് മുട്ടുന്നതിനെ വിമര്‍ശിക്കുന്നതും കണ്ടു. നമുക്ക് വേണ്ടി അധ്വാനിക്കുന്നവരെ അഭിനന്ദിക്കുന്നതില്‍ എന്താണ് തെറ്റ്. കൊറോണ വൈറസ് തീര്‍ത്ത് അന്ധകാരത്തിലൂടെയാണ് മുന്നോട്ടുനടക്കേണ്ടത്. അവിടെ കൂട്ടായുള്ളത് ജാതിയോ മതമോ രാഷ്‍ട്രീയമോ അല്ല. ആരോഗ്യവകുപ്പും ശാസ്‍ത്രലോകവും നല്‍കുന്നത് ചെറുതിരിവട്ടമാണ്. കക്ഷിരാഷ്‍ട്രീയത്തിന്റെ കണ്ണടകള്‍ ഊരിവയ്‍ക്കാമെന്നും സലിം കുമാര്‍ പറഞ്ഞു.