Asianet News MalayalamAsianet News Malayalam

'ചിരി ഒരു വികസന പ്രവർത്തനമാണ് നാലിഞ്ചുചുണ്ട്, ആറ് ഇഞ്ചായിമാറുന്ന ഒരു വികസന പ്രവർത്തനം'; സലിംകുമാർ

മിമിക്രിക്കാരെ പേടിക്കുന്ന നാടകക്കാരെ ഞാൻ കണ്ടിട്ടുണ്ട്( പ്രത്യേകിച്ച് നാടകത്തിലേ കൊമേഡിയൻമാർ ) പക്ഷേ ഏതെങ്കിലും നാടകക്കാരെ മിമിക്രിക്കാർ പേടിച്ചിരുന്നിട്ടുണ്ടെങ്കിൽ, അത് ടിപ്ടോപ് അസീസിന്റെ നാടകങ്ങളെ മാത്രമായിരിക്കും
 

salim kumar facebook post about smile day
Author
Kochi, First Published May 3, 2020, 7:51 PM IST

ചിരിദിനത്തിൽ ചിരിയോർമ്മകളിലൂടെ കടന്നു പോകുകയാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് സലിംകുമാർ. ചിരി ഒരു വികസന പ്രവർത്തനമാണ് നാലിഞ്ചുചുണ്ട്, ആറ് ഇഞ്ചായിമാറുന്ന ഒരു വികസന പ്രവർത്തനമാണെന്നും താരം ഫേസ്ബുക്കിൽ കുറിക്കുന്നു.

ഈ ചിരി ദിനം തന്നെ ഏറെ സ്വാധീനിച്ച മൂന്നുപേരുടെ സ്മരണകൾക്ക് മുന്നിൽ സമർപ്പിക്കുകയാണെന്നും സലിംകുമാർ ഫേസ്ബുക്കിൽ കുറിച്ചു. 

സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ചിരിദിനം

" ചിരി ഒരു വികസന പ്രവർത്തനമാണ് നാലിഞ്ചുചുണ്ട്, ആറ് ഇഞ്ചായിമാറുന്ന ഒരു വികസന പ്രവർത്തനം"
: സലിംകുമാർ

ഇങ്ങനെയൊക്കെ എഴുതുമ്പോൾ മഹാൻമാരുടെ ഉദ്ധരണികൾ(quote) കടമെടുത്താണ് സാധാരണ ഉപയോഗിക്കാറ്, വറുതിയുടെ കാലമായതുകൊണ്ടും, കടം ചോദിച്ചാൽ കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് , സ്വന്തം ഉദ്ധരണിഎടുത്തു പ്രയോഗിച്ചത് ക്ഷമിക്കുമല്ലോ

ഈ ചിരി ദിനം എന്നെഏറെ സ്വാധീനിച്ച മൂന്നുപേരുടെ സ്മരണകൾക്ക് മുന്നിൽ ഞാൻ സമർപ്പിക്കുകയാണ്

അതിൽ ഒന്നാമത്തേത്
.ഞാൻ കണ്ട, ഞാൻ കേട്ടഏറ്റവും നല്ല ചിരിയുടെ ഉടമസ്ഥനായ ശ്രീ: കുയിലനാണ്, കേരളത്തിലെ ഏറ്റവും പ്രശസ്തമായ ബൈബിൾ നാടക ഗ്രൂപ്പായ കൊച്ചിൻ നാടകവേദിയുടെ
ഉടമസ്ഥനും നാടകകൃത്തും സംവിധായകനും മുഖ്യ നടനുമൊക്കെയായിരുന്നു
ശ്രീ :കുയിലൻ.

കൊച്ചിൻ നാടകവേദി, അവതരിപ്പിക്കുന്നത് ബൈബിൾ നാടകമാണെങ്കിലും, ഹിന്ദുവെന്നോ, മുസ്ലിമെന്നോ, ക്രിസ്ത്യാനി എന്നോ ജാതിഭേദ വ്യത്യാസമില്ലാതെ നൂറുകണക്കിന് നാടകപ്രേമികൾ പെരുന്നാളുകൾക്ക് പള്ളിപ്പറമ്പിൽ തടിച്ചു കൂടിയിരുന്നത് കുയിലന്റെ ചിരിയുടെ മാസ്മരികത അനുഭവിക്കാൻ വേണ്ടി മാത്രമായിരുന്നു,

വില്ലൻ കഥാപാത്രങ്ങൾ ആയി വേഷമിട്ടു വന്നിരുന്ന കുയിലൻ ചേട്ടന്റെ ഒരു ചിരിയുടെ ദൈർഘ്യം ഏറ്റവും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വരും( ഇതിൽ ഒട്ടും അതിശയോക്തി ഇല്ല) അഞ്ചെട്ടു ചിരി എങ്കിലും ഒരു നാടകത്തിൽ ഉണ്ടാകുകയും ചെയ്യും. ആ ചിരികളുടെ ആദിമദ്ധ്യാന്തങ്ങൾക്കു പ്രേക്ഷകരുടെ നിലയ്ക്കാത്ത കയ്യടിയും ഉണ്ടാകുമായിരുന്നു
" കുയിലിന്റെ ചിരി" എന്നൊരു പ്രയോഗം തന്നെ ആ കാലത്ത് ഉണ്ടായിരുന്നു.

ചിരിപ്പിച്ചു കയ്യടി നേടിയ ഒട്ടേറെ പ്രതിഭകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്, എന്നാൽ ചിരിച്ചു കയ്യടി നേടിയ ഒരാൾ എന്ന ഖ്യാതി കുയിലൻചേട്ടനും മാത്രം അവകാശപ്പെട്ട ഒന്നായിരിക്കാം

ശ്രീ കുയിലൻ കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും അദ്ദേഹം വേദികളിൽ ഉയർത്തിയ ചിരി പ്രേക്ഷകമനസ്സുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

വേളൂർ കൃഷ്ണൻകുട്ടി
-------------------------------------
ചിരിയെ അക്ഷരങ്ങളിൽ ചാലിച്ചു സാധാരണക്കാരിൽ സാധാരണക്കാരായ മലയാളികളെ വായനയിലൂടെ ചിരിപ്പിച്ച മഹാൻ.

"മാസപ്പടി മാതുപിള്ള", "ഉണ്ടിട്ട് പോയാൽ മതി", "ഉണ്ടയില്ലാ വെടി", 'ഉണ്ടപക്രു", "ക്ലാരാമ്മയുടെ 'ക്ല '"
"കുംഭകർണ്ണ കുറുപ്പ്," "ദൈവത്തിനെ തൊട്ടാൽ തൊട്ടവനെ തട്ടും", "പാലം അപകടത്തിൽ" തുടങ്ങി 160 ഓളം ഹാസ കൃതികളുടെ രചയിതാവാണ് ശ്രീ : വേളൂർ കൃഷ്ണൻകുട്ടി.

മാസപ്പടി മാതുപിള്ള, അമ്പിളി അമ്മാവൻ, പഞ്ചവടിപ്പാലം( പാലം അപകടത്തിൽ എന്ന നോവൽ)
എന്നീ കൃതികൾ സിനിമയായിട്ടുണ്ട്.

160 ഓളം പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിൽ സാഹിത്യത്തിന്റെ ലോകഭൂപടത്തിൽ സ്ഥാനം പിടിക്കേണ്ട ഒരാളായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എങ്കിലും കനപ്പെട്ട ഏതെങ്കിലും അവാർഡുകളുടെയോ, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ സിവിലിയൻ ബഹുമതികളുടെ യോ പാപ ഭാരങ്ങൾ ഇല്ലാതെ 2003 ഓഗസ്റ്റ് 22ന് നർമ്മാക്ഷരങ്ങളുടെ ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങി
പ്രണാമം

ടിപ്ടോപ് അസീസ്
---------------------------------

'ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊടുക്കുക'. എന്നത് ഒരു പ്രയോഗമല്ല, മറിച്ച് അതൊരു സത്യമാണ് എനിക്ക് ബോധ്യപ്പെട്ടത് ശ്രീ ടിപ്ടോപ് അസീസിന്റെ നാടകങ്ങൾ കണ്ടപ്പോൾ ആയിരുന്നു. താൻ കൂടി അംഗമായിരുന്ന കൊച്ചിയിലെ ടിപ്ടോപ് ആർട്സ് ക്ലബ്ബിനു വേണ്ടി ശ്രീ അസീസ് എഴുതിയ നാടകങ്ങൾ പിന്നീട് മലയാളക്കര ആകമാനമുള്ള അമേച്വർ നാടകസംഘങ്ങൾ ഏറ്റെടുക്കുകയായിരുന്നു

ഇന്ന് മലയാളക്കരയിൽ അമേച്ചർ നാടക വേദി വെള്ളമിറക്കാതെ മരിച്ചുപോയി എങ്കിലും, തങ്ങളുടെ പുഷ്കരകാലത്ത് ശ്രീ അസീസും സംഘവും അമേച്വർ നാടക വേദിക്ക് ചിരിയിലൂടെ നൽകിയ കരുത്തും ആർജവവും സ്മരിക്കാതെ പോവാൻ നിർവാഹമില്ല.

കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന അമേച്ചർകലാകാരന്മാരിൽ ഭൂരിഭാഗവും ടിപ്പ് ടോപ് അസ്സീസ്സിന്റെ നാടകങ്ങളിലൂടെ വളർന്നു വന്നവരായിരുന്നു, അങ്ങേയറ്റത്ത് മമ്മൂട്ടി മുതൽ ഇങ്ങേയറ്റത്ത് സലിംകുമാർ വരെയുള്ള കലാകാരന്മാർ ഒരുകാലത്ത് ടിപ്ടോപ് അസ്സീസിന്റെ നാടകങ്ങൾ കളിച്ചു വളർന്നവരായിരുന്നു

ടിപ്ടോപ് അസീസും സംഘവും അവതരിപ്പിക്കുന്ന "ഹിപ്പി വാർഡ് "എന്ന നാടകം കാണാൻ നാടകം കാണാൻ എനിക്കും അവസരമുണ്ടായിട്ടുണ്ട് ആലുവ ശാരിക എന്ന ട്രൂപ്പിൽ ഞാൻ മിമിക്സ് കളിച്ചിരുന്ന സമയത്ത് ഒരു ന്യൂ ഇയറിനു കൊച്ചിയിലെ ചുള്ളിക്കൽ എന്ന
സ്ഥലത്ത് "ഹിപ്പി വാർഡ് " എന്ന ടിപ്പ് ടോപ്പിന്റെ നാടകവും ഞങ്ങളുടെ മിമിക്സും ഉണ്ടായിരുന്നു.

അന്ന് ബുക്ക് ചെയ്യാൻ വന്നവരോട് ഞങ്ങൾക്കന്ന് ഡബിൾ പ്രോഗ്രാം ആണെന്നും നാടകത്തിനു മുൻപേ മിമിക്സ് നടത്തണമെന്നും ആവശ്യപ്പെട്ടു, അവർക്ക് സംഭവിക്കുകയും ചെയ്തു, സത്യത്തിൽ ഞാനവരോട് കള്ളം പറഞ്ഞതായിരുന്നു അസീസിക്ക ഉൾപ്പെടുന്ന ടിപ്ടോപ് ആർട്സിന്റെ നാടകത്തിനു ശേഷം ഞങ്ങളുടെ മിമിക്സ് അവതരിപ്പിച്ചാൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ടിപ്ടോപ് അസ്സീസിന്റെ രണ്ടു നാടകങ്ങൾ കളിക്കുകയും, പ്രസിദ്ധീകരിച്ച എല്ലാ നാടകങ്ങളും വായിച്ചു മനപ്പാഠമാക്കിയിട്ടുള്ള എനിക്ക് മറ്റാരേക്കാളും ഉപരി അറിയാമായിരുന്നു.

മിമിക്രിക്കാരെ പേടിക്കുന്ന നാടകക്കാരെ ഞാൻ കണ്ടിട്ടുണ്ട്( പ്രത്യേകിച്ച് നാടകത്തിലേ കൊമേഡിയൻമാർ ) പക്ഷേ ഏതെങ്കിലും നാടകക്കാരെ മിമിക്രിക്കാർ പേടിച്ചിരുന്നിട്ടുണ്ടെങ്കിൽ, അത് ടിപ്ടോപ് അസീസിന്റെ നാടകങ്ങളെ മാത്രമായിരിക്കും

നിങ്ങൾക്കൊക്കെ ശാകുന്തളം മതി, എനിക്ക് ഗുസ്തി പഠിക്കേണ്ട, ഗുരുവും ശിഷ്യനും, ഹിപ്പി വാർഡ്, മാവേലിക്കും മതിയായി, തുടങ്ങിയ നാടകങ്ങൾ ടിപ്ടോപ് അസീസിന്റെ രചനയിൽ വിരിഞ്ഞ ചിരി മുട്ടുകളിൽ ചിലതുമാത്രം

2005 ൽ ജീവിത നാടകവേദിയിൽ നിന്ന് അദ്ദേഹം വിടവാങ്ങിയെങ്കിലും, കൊച്ചിക്കാരുടെ കലാഹൃദയങ്ങളിൽ ഒരു "ചിരിനാളമായി" അദ്ദേഹം ഇന്നും ജീവിക്കുന്നു

പ്രണാമം ഗുരുനാഥ

Follow Us:
Download App:
  • android
  • ios