Asianet News MalayalamAsianet News Malayalam

ഇത് മനുഷ്യാവകാശ ലംഘനം, ഷെയ്ന്‍ നിഗത്തിനിവിടെ ജീവിക്കണം, ഒപ്പം നമുക്കും: സലിം കുമാര്‍

''സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നത്. കുറ്റം ചെയ്താൽ ശിക്ഷിക്കാന്‍ നിയമമുണ്ട്, അത് സംഘടനകള്‍ ഏറ്റെടുക്കരുത് ''

Salim Kumar reacts on shane nigam banned from cinema
Author
Kochi, First Published Nov 30, 2019, 1:35 PM IST

നടന്‍ ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് നടന്‍ സലിം കുമാര്‍. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയ്ന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കണമെന്നും സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഷെയ്ന്‍ നിഗത്തിനിവിടെ ജീവിക്കണമെന്നും സലിം കുമാര്‍ പറഞ്ഞു. ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടാവാം, എന്നാല്‍ ഈ ആരോപണം മുഴുവന്‍ പേരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതേ കലാകാരന്മാരുടെ മുഖം പോസ്റ്ററില്‍ അടിച്ചിട്ടാണ് തീയറ്ററിൽ ആളെക്കൂട്ടുന്നതെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നത്. കുറ്റം ചെയ്താൽ ശിക്ഷിക്കാന്‍ നിയമമുണ്ട്, അത് സംഘടനകള്‍ ഏറ്റെടുക്കരുത്. നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ന്‍ നിഗത്തിനുമുണ്ട്. അയാൾക്ക്‌ കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നമസ്കാരം.
ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.
ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്.
സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ്‌ പോലെയാണ് പ്രവർത്തിക്കുന്നത്.
കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്. സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്. അയാൾക്ക്‌ കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണം.
ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കുക.
പ്രൊഡ്യൂസേർസ് അസോസിയേഷൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയിൽ ഒരുപാട് സംഘടനകൾ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളിൽ തന്നെയാണ്.
ആർക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുക, അതിനെയാണ് നമ്മൾ സംഘടനാമികവ് എന്ന് പറയുന്നത്.
ഷെയിൻ നിഗം എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വെള്ളപൂശാനല്ല ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. തെറ്റ് തിരുത്താൻ അയാൾക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസിൽ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവൻ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ തങ്ങളുടെ പടത്തിൽ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിർമ്മാതാവിന് ഇല്ലേ.
നിങ്ങളിപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററിൽ അടിച്ചിട്ടാണ് തീയറ്ററിൽ ആളെക്കൂട്ടുന്നത്.
നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങൾ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാൽ, അതോടെ നമ്മളുടെ കത്തിക്കൽ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.
ദയവുചെയ്ത് കാടടച്ച് വെടിവെക്കരുത്. ഈ കാട്ടിൽ ക്ഷുദ്രജീവികൾ കുറവാണ്.ഇന്നുവരെ നമ്മളുടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികൾക്കാണെന്നും ഓർക്കുമല്ലോ.
സിനിമയിലധികമാരും പ്രതികരിച്ചു കണ്ടില്ല. അതിന്റെ പേരിൽ എഴുതിപ്പോയ കുറിപ്പാണിത്. സംഘടനകൊണ്ട് ശക്തരാവുക എന്നാണ് ആചാര്യന്മാർ പറഞ്ഞിരിക്കുന്നത്. ഷെയിൻ നിഗത്തിനിവിടെ ജീവിക്കണം. ഒപ്പം നമുക്കും.

എന്ന്,
സലിംകുമാർ.

Follow Us:
Download App:
  • android
  • ios