Asianet News MalayalamAsianet News Malayalam

സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണിയുമായി 'ലോറൻസ് ബിഷ്‌ണോയി': സുരക്ഷ വര്‍ദ്ധിപ്പിച്ചു

 അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് വീണ്ടും സല്‍മാനെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. മുംബൈ പോലീസ് ഇതിനകം തന്നെ സല്‍മാന് വൈ പ്ലസ് സുരക്ഷ നൽകി വരുന്നുണ്ട്. 

Salman Khan gets fresh threats from gangster Lawrence Bishnoi security reviewed vvk
Author
First Published Nov 29, 2023, 10:32 AM IST

മുംബൈ: നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധ ഭീഷണിവന്നതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണം വര്‍ദ്ധിപ്പിച്ചു. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് വീണ്ടും സല്‍മാനെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. മുംബൈ പോലീസ് ഇതിനകം തന്നെ സല്‍മാന് വൈ പ്ലസ് സുരക്ഷ നൽകി വരുന്നുണ്ട്. 

ഞായറാഴ്ച, പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനെതിരെ ലോറൻസ് ബിഷ്‌ണോയി എന്ന പേരിലുള്ള ഒരു അക്കൗണ്ട് ഫേസ്ബുക്കിൽ ഭീഷണി ഉയര്‍ത്തിയിരുന്നു “നിങ്ങൾ സൽമാൻ ഖാനെ ഒരു സഹോദരനായി കണക്കാക്കുന്നുണ്ടല്ലോ. അതിനാല്‍ ഇപ്പോൾ നിങ്ങളുടെ ‘സഹോദരന്’ നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സൽമാൻ ഖാനുടേത് കൂടിയാണ് - ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹത്തിലാകരുത്. നിന്നെ രക്ഷിക്കാൻ ആർക്കും കഴിയില്ല. സിദ്ധു മൂസ് വാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കരുതുക. മുഴുവൻ പടവും ഉടൻ പുറത്തിറങ്ങും. നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് ഓടിപോവുക., എന്നാൽ ഓർക്കുക മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരും" - എന്നായിരുന്നു ആ കുറിപ്പ്.

കാനഡയിലെ വാൻകൂവറിലെ തന്റെ വീടിന് പുറത്ത് ഒരാള്‍ വെടിവച്ചതായി ഗ്രെവാൾ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് നേരത്തെ ഏറ്റെടുത്തിരുന്നു. സൽമാനുമായി തനിക്ക് സൗഹൃദമില്ലെന്നും രണ്ട് തവണ മാത്രമേ താരത്തെ കണ്ടിട്ടുള്ളൂവെന്നും വെടിവെപ്പ് സംഭവത്തിന് ശേഷം ഗ്രെവാൾ പറഞ്ഞിരുന്നു.

സല്‍മാനെതിരെ പുതിയ ഭീഷണി വന്നതിന് പിന്നാലെ മുംബൈ പോലീസ് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകുകയും അദ്ദേഹത്തിന്റെ സുരക്ഷ അവലോകനം ചെയ്യുകയും ചെയ്തു. “പോസ്റ്റ് എവിടെ നിന്നാണ് ജനറേറ്റ് ചെയ്തതെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിഷ്‌ണോയിയുടെ യഥാർത്ഥമാണോയെന്നും ബിഷ്‌ണോയി ജയിലിലായതിനാൽ ആരാണ് അത് കൈകാര്യം ചെയ്യുന്നതെന്നും പരിശോധിക്കാൻ ഫേസ്ബുക്കിന് മെയില്‍ അയച്ചിട്ടുണ്ട്. ഞങ്ങള്‍ ഐപി കണ്ടെത്താൻ ശ്രമിക്കുകയാണ്,” മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

2023 ഏപ്രിലിൽ, സൽമാൻ ഖാന് വധഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുംബൈ പോലീസ് അദ്ദേഹത്തിന്റെ വീടിന് ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.

കശ്മീർ പെൺകൊടിയായി ദിൽഷ പ്രസന്നൻ; വൈറലായി ചിത്രങ്ങൾ

'രേഖകള്‍ തയ്യാര്‍' : തൃഷയ്ക്കെതിരെ മനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മന്‍സൂര്‍ അലി ഖാന്‍

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios