Salman Khan: ‘പാലഭിഷേകം വേണ്ട, അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കൂ’; ആരാധകരോട് സല്‍മാന്‍ ഖാന്‍
തന്‍റെ സിനിമാ പോസ്റ്ററില്‍ പാലഭിഷേകം നടത്തുന്നതിന് പകരം അത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണമെന്ന് സല്‍മാന്‍ ഖാന്‍.

ബോളിവുഡിന്റെ പ്രിയതാരം സൽമാൻ ഖാന്റെ(Salman Khan) 'അന്തിം' (Antim) എന്ന ചിത്രം തിയറ്ററിൽ എത്തിയ സന്തോഷത്തിലാണ് ആരാധകർ. ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ എത്തിയ സൽമാൻ ചിത്രത്തിന് വൻവരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. വിജയകരമായി ചിത്രത്തിന്റെ പ്രദർശനം തുടരുമ്പോഴും ആരാധാകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ നിരന്തരം ഇടപെടലിലാണ് താരം. ഇതിന്റെ ഭാഗമായി തിയറ്ററിന് മുന്നിലെ തന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവച്ച് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.
'ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്‌ളക്‌സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക', എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം സൽമാൻ കുറിച്ചത്.
കഴിഞ്ഞ ദിവസം തിയറ്ററിൽ പടക്കം പൊട്ടിച്ചാഘോഷിച്ച ആരാധകര്‍ക്ക് ബോധവല്‍ക്കരണവുമായി താരം രംഗത്തെത്തിയിരുന്നു. "തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്‍റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. വലിയ തീപിടുത്തമുണ്ടായി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം അത്. തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ അസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്‍റെ അഭ്യര്‍ഥനയാണിത്. നന്ദി",എന്നാണ് സല്‍മാന്‍ കുറിച്ചത്.
കൊവിഡിന് ശേഷം സല്‍മാന്‍ ഖാന്‍റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് അന്തിം: ദ് ഫൈനല്‍ ട്രൂത്ത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുമ്മത്. രാജ്‍വീര്‍ സിംഗ് എന്ന പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്‍റെ കഥാപാത്രം. പ്രവീണ്‍ തര്‍ദെയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ 'മുല്‍ഷി പാറ്റേണി'നെ ആസ്‍പദമാക്കി മഹേഷ് മഞ്ജ്‍രേക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.