'അന്തിം' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനുള്ളില്‍ പടക്കം കൊളുത്തി ആഘോഷം; ആരാധകരെ വിലക്കി സല്‍മാന്‍ ഖാന്‍
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സല്‍മാന്‍ ഖാന്‍റെ പ്രതികരണം

ബോളിവുഡില്‍ സിംഗിള്‍ സ്ക്രീനുകളുടെ താരമാണ് സല്‍മാന്‍ ഖാന്‍ (Salman Khan). നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളേക്കാള്‍ സല്‍മാന്‍ ചിത്രങ്ങള്‍ കളക്റ്റ് ചെയ്യുക ചെറുപട്ടണങ്ങളിലെ ഉയര്‍ന്ന സീറ്റിംഗ് കപ്പാസിറ്റിയുള്ള സിംഗിള്‍ സ്ക്രീനുകളിലാണ്. നായകനല്ലെങ്കിലും സല്‍മാന്‍ ഖാന്‍ എക്സ്റ്റന്‍റഡ് കാമിയോ വേഷത്തിലെത്തിയ 'അന്തിം' (Antim) തിയറ്ററുകളിലെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ചില തിയറ്ററുകളില്‍ ആവേശം ഇത്തവണ അതിരു കടന്നു. പ്രിയതാരത്തിന്‍റെ ഇന്‍ട്രോ സീനിലും ഫൈറ്റ് സീനുകളിലുമൊക്കെ തിയറ്ററുകള്‍ക്കുള്ളില്‍ പടക്കം കത്തിച്ച് എറിഞ്ഞായിരുന്നു ആരാധകരുടെ അപായകരമായ 'ആഘോഷം'. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇതിനെതിരെയുള്ള ബോധവല്‍ക്കരണവുമായി സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച സല്‍മാന്‍ ഖാന്‍ ഇപ്രകാരം കുറിച്ചു- "തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്‍റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. വലിയ തീപിടുത്തമുണ്ടായി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം അത്. തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ അസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്‍റെ അഭ്യര്‍ഥനയാണിത്. നന്ദി", സല്‍മാന്‍ കുറിച്ചു.
കൊവിഡ് ഇടവേളയ്ക്കു ശേഷം സല്‍മാന്‍ ഖാന്‍റേതായി തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് അന്തിം: ദ് ഫൈനല്‍ ട്രൂത്ത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുമ്മത്. രാജ്‍വീര്‍ സിംഗ് എന്ന പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്‍റെ കഥാപാത്രം. തന്‍റെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തുരത്തുകയാണ് സല്‍മാന്‍ കഥാപാത്രത്തിന്‍റെ മിഷന്‍. ഒരു ഗ്യാങ്സ്റ്റര്‍ ആണ് ആയുഷ് ശര്‍മ്മയുടെ കഥാപാത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. പ്രവീണ്‍ തര്‍ദെയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ 'മുല്‍ഷി പാറ്റേണി'നെ ആസ്‍പദമാക്കി മഹേഷ് മഞ്ജ്‍രേക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.