Asianet News MalayalamAsianet News Malayalam

നെഗറ്റീവ് റിവ്യൂസിലും വീഴാതെ സല്‍മാന്‍; റിലീസ്‍ദിന റെക്കോര്‍ഡുമായി 'രാധെ'

13ന് ഉച്ചയ്ക്ക് 12 മണിക്ക് ചിത്രം റിലീസ് ആയതിനു പിന്നാലെ സീ5ന്‍റെ സെര്‍വറുകള്‍ ക്രാഷ് ആയിപ്പോയിരുന്നു

salman khan starring radhe breaks first day ott record
Author
Thiruvananthapuram, First Published May 15, 2021, 6:20 PM IST

കൊവിഡ് സാഹചര്യത്തില്‍ ഒടിടി റിലീസിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് ബോളിവുഡും. ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ കണ്ണിലുണ്ണികളായ താരങ്ങള്‍ അക്ഷയ് കുമാറിന്‍റെയും (ലക്ഷ്‍മി) ഇപ്പോള്‍ സല്‍മാന്‍ ഖാന്‍റെയുമൊക്കെ (രാധെ) ചിത്രങ്ങള്‍ ഒടിടി വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. (ഒടിടിക്കൊപ്പം വിദേശ രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസും ഉള്ള ഹൈബ്രിഡ് റിലീസ് ആയിരുന്നു രാധെയ്ക്ക്). കഴിഞ്ഞ വര്‍ഷത്തെ ഈദിന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന 'രാധെ' കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിനിപ്പുറമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഒരു സല്‍മാന്‍ ചിത്രം എത്തുന്നത് ഇതാദ്യമാണ്. അതിന്‍റെ സാധ്യത മുന്നില്‍ കണ്ടായിരുന്നു തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോം ആയ സീ5ല്‍ പ്രദര്‍ശിപ്പിക്കാന്‍ സീ സ്റ്റുഡിയോസ് ചിത്രം വാങ്ങിയതും. ആ പ്രതീക്ഷകളെ സാധൂകരിക്കുന്ന തരത്തില്‍ 13ന് ഉച്ചയ്ക്ക് 12 മണിക്ക് ചിത്രം റിലീസ് ആയതിനു പിന്നാലെ സീ5ന്‍റെ സെര്‍വറുകള്‍ ക്രാഷ് ആയിപ്പോയിരുന്നു. ചിത്രത്തിന് ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ വിമര്‍ശനവും ട്രോളുകളും നേരിടേണ്ടതായും വന്നിരുന്നു. എന്നാല്‍ അതൊന്നും പ്രേക്ഷകരുടെ എണ്ണത്തെ ബാധിച്ചില്ലെന്നതാണ് പുറത്തെത്തിയ ഔദ്യോഗിക കണക്കുകള്‍.

42 ലക്ഷത്തിലധികം കാഴ്ചകളാണ് സീ5ല്‍ ആദ്യദിനം ചിത്രത്തിന് ലഭിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ഒരു ഡയറക്റ്റ് ഒടിടി റിലീസിനെ സംബന്ധിച്ച് ആദ്യദിന കാണികളുടെ എണ്ണത്തിലെ റെക്കോര്‍ഡ് ആണിത്. ചിത്രം റിലീസ് അയ 12 മണിക്കു തന്നെ 13 ലക്ഷത്തിലേറെപ്പേര്‍ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ലോഗിന്‍ ചെയ്‍തിരുന്നതായി ട്വിറ്ററില്‍ അനൗദ്യോഗിക കണക്കുകള്‍ പ്രചരിച്ചിരുന്നു. അതേസമയം തിയറ്റര്‍ റിലീസ് ചെയ്തിരിക്കുന്ന വിദേശ മാര്‍ക്കറ്റുകളിലും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട് ചിത്രം. തിയറ്റര്‍ റിലീസ് ഉണ്ടായിരുന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലായി ആദ്യ രണ്ടു ദിവസം ചിത്രം 1.09 കോടി നേടിയതായാണ് കണക്ക്.

പേ പെര്‍ വ്യൂ രീതിയില്‍ ഒടിടി റിലീസ് ചെയ്‍ത ചിത്രം സീ പ്ലെക്സില്‍ കാണാനായി ടിക്കറ്റ് ഒന്നിന് 249 രൂപയാണ് സീ 5 ഈടാക്കിയിരുന്നത്. ഇതിലൂടെ ആദ്യദിനം തന്നെ 100 കോടിയിലധികം സീ 5 നേടിയിരിക്കുന്നതായാണ് വിവരം. 230 കോടിക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. 

Follow Us:
Download App:
  • android
  • ios