തീയേറ്ററുകള്‍ പത്ത് മാസത്തോളമായി അടഞ്ഞുകിടക്കുന്ന കൊവിഡ് കാലം സിനിമാവ്യവസായത്തിന് സങ്കല്‍പ്പത്തിനപ്പുറത്തുള്ള നഷ്ടക്കണക്കുകളാണ് സമ്മാനിച്ചത്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും തീയേറ്ററുകള്‍ തുറന്നിട്ടുണ്ടെങ്കിലും പുതിയ റിലീസുകള്‍ സംഭവിച്ചിട്ടില്ല. നാമമാത്രമായേ പ്രേക്ഷകരും എത്തുന്നുള്ളൂ. അതേസമയം നഷ്ടങ്ങളുടെ ഈ ഇടവേള താല്‍ക്കാലികമായ ഒന്നാവുമെന്ന വിലയിരുത്തലില്‍ മുന്നിലേക്കുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ബോളിവുഡ്. ചില സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വിതരണാവകാശ തുകയാണ് ഇപ്പോള്‍ അവിടുത്തെ ചര്‍ച്ചാവിഷയം. പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച്, അദ്ദേഹം തന്നെ നായകനാവുന്ന 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്' ആണ് റെക്കോര്‍ഡ് തുകയ്ക്ക് വിതരണാവകാശം വിറ്റതിന്‍റെ പേരില്‍ പുതുതായി വാര്‍ത്തകളില്‍ നിറയുന്നത്.

പ്രീ-റിലീസ് അവകാശങ്ങളുടെ വില്‍പ്പനയിലൂടെ 230 കോടിയാണ് സല്‍മാന്‍ ഖാന്‍ ചിത്രം നേടിയതെന്ന് എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ് സൈറ്റ് ആയ ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെയും വിദേശത്തെയും വിതരണാവകാശം, സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് റൈറ്റ്സ് എന്നിവയുടെ വില്‍പ്പന വഴിയാണ് ഇത്. സീ സ്റ്റുഡിയോസ് ആണ് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. കൊവിഡ് തുടങ്ങിയതിനു ശേഷം ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണ് ഇത്. 

 

തീയേറ്ററുകളുടെ പ്രവര്‍ത്തനം പഴയപടി ആയില്ലെങ്കില്‍പ്പോലും ഈ കരാര്‍ തങ്ങളുടെ കൈ പൊള്ളിക്കില്ലെന്നാണ് സീ സ്റ്റുഡിയോസിന്‍റെ വിലയിരുത്തല്‍. സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ക്ക് ലഭിക്കാറുള്ള ഉയര്‍ന്ന സാറ്റലൈറ്റ്, ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പും മള്‍ട്ടിപ്പിള്‍ പ്ലാറ്റ്ഫോമുകളിലെ മ്യൂസിക് സ്ട്രീമിംഗും മുന്നില്‍ കണ്ടാണ് സീ സ്റ്റുഡിയോസ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ഫിലിംസുമായുള്ള സീ സ്റ്റുഡിയോസിന്‍റെ ദീര്‍ഘകാല കരാറിന്‍റെ ഭാഗമായും പുതിയ വില്‍പ്പന വിലയിരുത്തപ്പെടുന്നുണ്ട്. സല്‍മാന്‍ ഖാന്‍റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങളുടെയും സാറ്റലൈറ്റ് അവകാശം സീ നെറ്റ്‍വര്‍ക്കിന് ആയിരുന്നു. 

അതേസമയം കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. അടുത്ത വര്‍ഷത്തെ ഈദ് റിലീസിനാണ് വിതരണക്കാര്‍ തയ്യാറെടുക്കുന്നത്.