Asianet News MalayalamAsianet News Malayalam

'സാമന്ത താരമാണ് എന്നതുകൊണ്ട് നടപടിക്രമങ്ങളുടെ വേഗം കൂട്ടാനാവില്ല'; വിമര്‍ശനവുമായി കോടതി

മാനനഷ്‍ടക്കേസ് നല്‍കുന്നതിനു പകരം പ്രസ്‍തുത യുട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി

samantha receives unwelcoming comments from hyderabad court on hearing of defamation plea
Author
Thiruvananthapuram, First Published Oct 22, 2021, 6:16 PM IST

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നടി സാമന്ത (Samantha Ruth Prabhu) കഴിഞ്ഞ ദിവസം ഒരു മാനനഷ്‍ടക്കേസ് (Defamation Case) ഫയല്‍ ചെയ്‍തിരുന്നു. സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി എന്നിവയ്ക്കൊപ്പം ചില യുട്യൂബ് ചാനലുകള്‍ക്കുമെതിരെയാണ് കേസ് നല്‍കിയത്. നാഗ ചൈതന്യയുമായുള്ള (Naga Chaitanya) തന്‍റെ വിവാഹമോചനം പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് സാമന്തയ്ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ചില മാധ്യമങ്ങളില്‍ നിന്നു വന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്ന കോടതി ചില വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഹൈദരാബാദിലെ കുക്കട്‍പള്ളി കോടതിയിലാണ് അഭിഭാഷകന്‍ മുഖാന്തിരം സാമന്ത മാനനഷ്‍ടക്കേസ് ഫയല്‍ ചെയ്‍തിരിക്കുന്നത്. എന്നാല്‍ മാനനഷ്‍ടക്കേസ് നല്‍കുന്നതിനു പകരം പ്രസ്‍തുത യുട്യൂബ് ചാനലുകളോട് ക്ഷമാപണം ആവശ്യപ്പെടാമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് സാമന്തയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനോടും വിമര്‍ശനാത്മകമായാണ് കോടതി പ്രതികരിച്ചത്. "നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ചിലര്‍ ഉയര്‍ന്നവരും മറ്റു ചിലര്‍ താഴ്ന്നവരുമല്ല. സാമന്ത ഒരു ജനപ്രിയ നടി ആയതുകൊണ്ട് നടപടികളുടെ വേഗം കൂട്ടാനാവില്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങളുടെ (സാമന്ത) കേസ് പരിഗണിക്കും", അഡീഷണല്‍ ജില്ലാ ജഡ്‍ജി പറഞ്ഞതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. താരങ്ങള്‍ വ്യക്തിജീവിത വിവരങ്ങള്‍ പൊതുവിടങ്ങളില്‍ പങ്കുവച്ചതിനു ശേഷം മാനനഷ്‍ടക്കേസ് നല്‍കാന്‍ നടക്കുകയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചതായി തെലുങ്ക് മാധ്യമമമായ മിര്‍ച്ചി 9 റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും അവര്‍ പറഞ്ഞു'; താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് സാമന്ത

ഈ മാസം രണ്ടിനാണ് തങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന വിവരം സാമന്തയും നാഗ ചൈതന്യയും സമൂഹമാധ്യത്തിലൂടെ പങ്കുവച്ചത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും  അഭ്യര്‍ഥിച്ചിരുന്നു. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്‍റെ കാതലായിരുന്നു. ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", എന്നായിരുന്നു ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പ്.

Follow Us:
Download App:
  • android
  • ios