വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് 'യേ മായ ചേസവേ'യിലെ നായികയെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്
ബിഗ് സ്ക്രീനില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ആരാധകരോടുള്ള നന്ദി അറിയിച്ച് നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് യേ മായ ചേസവേയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിണ്ണൈ താണ്ടി വരുവായായില്‍ അതിഥിതാരമായും സാമന്ത പ്രത്യക്ഷപ്പെട്ടിരുന്നു. 2010 ഫെബ്രുവരി 26നാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടത്. ഏറ്റവും വിശ്വസ്തത പുലര്‍ത്തുന്ന ആരാധകരാണ് തന്‍റേതെന്ന് ട്വിറ്ററില്‍ സാമന്ത കുറിച്ചു.
ചലച്ചിത്ര രംഗത്ത് ഇന്നു ഞാന്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ലൈറ്റിനും ക്യാമറയ്ക്കും ആക്ഷനും താരതമ്യം ചെയ്യാനാവാത്ത നിമിഷങ്ങള്‍ക്കും ചുറ്റുന്ന 12 വര്‍ഷത്തെ ഓര്‍മ്മകളാണ് അത്. അനുഗ്രഹിക്കപ്പെട്ട ഈ യാത്രയും ലോകത്തെ ഏറ്റവും മികച്ച, വിശ്വസ്തതയുള്ള ആരാധകരെയും ലഭിച്ചതിന് എന്നില്‍ കൃതജ്ഞത നിറയുന്നു, എന്നാണ് സാമന്തയുടെ ട്വീറ്റ്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും ആരാധകരുമായി നിരവധി പേര്‍ സാമന്തയ്ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നുണ്ട്.
12 വര്‍ഷത്തെ കരിയറില്‍ ഇതുവരെ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സാമന്ത. എണ്ണത്തില്‍ കൂടുതല്‍ സിനിമകള്‍ തെലുങ്കിലാണ്. പിന്നീട് തമിഴിലും. തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റില്‍ സാമന്തയുമുണ്ട്. അടുത്തിടെ എത്തിയ അല്ലു അര്‍ജുന്‍റെ മെഗാ ഹിറ്റ് ചിത്രം പുഷ്പയില്‍ ഒരു നൃത്തരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെട്ടതിന് ഒന്നരക്കോടിയായിരുന്നു സാമന്തയുടെ പ്രതിഫലം. ശ്രദ്ധേയ പ്രോജക്റ്റുകളാണ് സാമന്തയുടേതായി പുറത്തുവരാനിരിക്കുന്നതും.
പുരാണ കഥാപാത്രമായ ശകുന്തളയായി സാമന്ത എത്തുന്ന ശാകുന്തളമാണ് അതിലൊന്ന്. അനുഷ്‍ക ഷെട്ടി നായികയായ 'രുദ്രമാദേവി'യുടെ സംവിധായകന്‍ ഗുണശേഖര്‍ ആണ് ചിത്രം ഒരുക്കുന്നത്. കാളിദാസന്‍റെ രചനയിലെ ഇതിഹാസ പ്രണയകഥ പറയുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. തെലുങ്കിന് പുറമെ മലയാളം, കന്നഡ, ഹിന്ദി, തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുക. അല്ലു അര്‍ജുന്‍റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'അയ്യരു'ടെ അഞ്ചാം വരവ്; സിനിമയുടെ പേര് ഇന്ന് പ്രഖ്യാപിക്കും
വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം. വിഘ്നേഷ് ശിവന്‍ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളാണ് മൂവരുടെയും കഥാപാത്രങ്ങള്‍. റാംബോയായി സേതുപതി എത്തുമ്പോള്‍ കണ്‍മണിയായി നയന്‍താരയും ഖദീജയായി സാമന്തയും എത്തുന്നു.. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‍നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രില്‍ 28ന്
ഈ ചിത്രം തിയറ്ററുകളിലെത്തും.
