മൈനസ് 65 ഡിഗ്രി തണുപ്പിലെ നില്‍പ്പ്; 'ക്രയോതെറാപ്പി' പരീക്ഷിച്ച് സാമന്ത
ഖുഷി എന്ന ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് സാമന്ത. താന്‍ മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ പിടിയിലാണെന്ന് സമാന്ത വെളിപ്പെടുത്തിയ സമയത്തെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ മാത്രം മതി സാമന്തയുടെ പ്രേക്ഷകപ്രീതി എത്രത്തോളമെന്ന് അറിയാന്‍. രോഗചികിത്സയുടെയും തിരിച്ചുവരവിന്‍റെയും പാതയിലാണ് സാമന്ത ഇപ്പോള്‍. ഇപ്പോഴിതാ താന്‍ ഈയിടെ പരീക്ഷിച്ച ഒരു തെറാപ്പി സംബന്ധിച്ച വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അവര്‍.
ക്രയോതെറാപ്പി എന്നറിയപ്പെടുന്ന രീതിയാണ് സാമന്ത പരീക്ഷിച്ചത്. വളരെ തണുത്ത ഊഷ്മാവ് ശരീരത്തിന് അനുഭവവേദ്യമാക്കുന്ന രീതിയാണ് ഈ തെറാപ്പിയുടേത്. മൈനസ് 150 ഡിഗ്രി ഫാരന്‍ഹീറ്റ് ഊഷ്മാവ് ഒക്കെയാവും രോഗികള്‍ക്ക് പലപ്പോഴും ലഭ്യമാക്കുക. ഇതിലൂടെ രോഗപ്രതിരോധശേഷിയും രക്തചംക്രമണവും ഹോര്‍മോണ്‍ ഉത്പാദനവുമൊക്കെ കൂട്ടാനാവുമെന്നാണ് പറയപ്പെടുന്നത്. ക്രയോതെറാപ്പി എടുക്കുന്ന തന്‍റെ ഒരു ലഘു വീഡിയോയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സാമന്ത പങ്കുവച്ചിട്ടുണ്ട്. റിക്കവറി എന്നും സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട് സാമന്ത. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് താരം അനില്‍ കപൂറും ക്രയോതെറാപ്പി എടുക്കുന്ന തന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളായ അനിമല്‍, ഫൈറ്റര്‍ എന്നിവയ്ക്കുവേണ്ടി ശരീരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് അനില്‍ കപൂര്‍ ക്രയോതെറാപ്പി നടത്തിയത്.
അതേസമയം ഖുഷി എന്ന ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ നിര്‍വാണ സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡിയില്‍ വിജയ് ദേവരകൊണ്ട ആയിരുന്നു നായകന്‍. സെപ്റ്റംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം ആയില്ലെങ്കിലും നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയില്ല. എന്നാല്‍ സാമന്ത കേന്ദ്ര കഥാപാത്രമായി, ഈ വര്‍ഷം തന്നെ എത്തിയ ശാകുന്തളം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
ALSO READ : ഉയരത്തില്‍ പറന്നോ 'ഗരുഡന്‍'? സുരേഷ് ഗോപി ചിത്രം റിലീസ് ദിനത്തില്‍ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക