തന്റെ പേരിലുള്ള വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടി സംയുക്ത വർമ്മ മുന്നറിയിപ്പ് നൽകി.  ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ സജീവമല്ലെന്നും അവർ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലെ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ നടി സംയുക്ത വർമ്മ രംഗത്ത്. പങ്കാളിയായ ബിജു മേനോന്റെ ഫേസ്ബുക്കിലൂടെയാണ് വ്യാജ പ്രൊഫൈലുകൾക്കെതിരെ സംയുക്ത മേനോൻ വീഡിയോ പങ്കുവച്ചത്. സംയുക്ത മേനോൻ എന്ന പേരിൽ ബ്ലൂ ടിക്കോട് കൂടിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്നും അല്ലാതെയുള്ള സമൂഹ മാധ്യമങ്ങളിൽ താൻ സജീവമല്ലെന്നുമാണ് സംയുക്ത വ്യക്തമാക്കിയത്.

"ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവയ്ക്കുന്നത്. സംയുക്ത വർമ എന്ന പേരില്‍ ബ്ലൂ ടിക്കോട് കൂടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. അല്ലാതെയുള്ള ഒരു സമൂഹ മാധ്യമങ്ങളിലും ഞാന്‍ സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫേസ്ബുക്കിൽ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അനുവാദത്തോടു കൂടിയോ സമ്മതത്തോട് കൂടിയോ അറിവോട് കൂടിയോ തുടങ്ങിയിട്ടുള്ളതല്ല. ഒരുപാട് പേര് അത് ഞാന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പേഴ്സണൽ മെസേജ് അയയ്ക്കുന്നുണ്ട്, ഫോളോ ചെയ്യുന്നുണ്ട്. ഇന്നത്തെ കാലഘട്ടം ഒരുപാട് തട്ടിപ്പുകൾ നടക്കുന്നതാണ്. ശ്രദ്ധിക്കുക." സംയുക്ത പറഞ്ഞു.

ആദ്യ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാർഡ്

അതേസമയം ആദ്യ സിനിമയായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ നടിയാണ് സംയുക്ത വർമ്മ. പിന്നീട് പതിനെട്ടോളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ സംയുക്ത വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. 2002 ലായിരുന്നു സംയുക്തയും ബിജു മേനോനും തമ്മിലുള്ള വിവാഹം. ആ വർഷംപുറത്തിറങ്ങിയ കുബേരൻ ആയിരുന്നു താരത്തിന്റെ അവസാന ചിത്രം.

YouTube video player