തന്‍റെ പിതൃസഹോദരീ പുത്രി സന്ധ്യയുടെ മരണം കൊവിഡ് മരണം എന്ന പേരില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നിയമവഴി സ്വീകരിച്ചിരുന്നു. കൊവിഡ് മരണം എന്ന പേരില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും സന്ധ്യയുടെ മരണത്തില്‍ അവയവമാഫിയയുടെ ഇടപെടലുണ്ടെന്നും സനല്‍കുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ റീ പോസ്റ്റ്മോര്‍ട്ടത്തിനും കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതിനും ഉത്തരവുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനും നല്‍കിയിരുന്നു. ഇപ്പോഴിതാ ഹൈക്കോടതി റീ പോസ്റ്റ്മോര്‍ട്ടം അനുവദിച്ച് ഉത്തരവായിരിക്കുന്ന കാര്യം അറിയിക്കുകയാണ് സനല്‍കുമാര്‍ ശശിധരന്‍. ഒപ്പം നിന്നവര്‍ക്ക് നന്ദിയും അറിയിക്കുന്നു അദ്ദേഹം.

"സന്ധ്യയുടെ മരണത്തിലുള്ള ദുരൂഹത നീക്കുന്നതിലേക്കായി ഡോക്ടര്‍മാരുടെ ഒരു വിദഗ്‍ധ സംഘത്തിന്‍റെ സഹായത്തോടെ റീ പോസ്റ്റ് മോര്‍ട്ടത്തിനും കേസന്വേഷണം സിബി‍ഐയെ ഏല്‍പിക്കുന്നതിനും ഉത്തരവുണ്ടാകണമെന്ന് അപേക്ഷിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്തിരുന്നു.  ഇന്ന് കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജിയില്‍ എക്സ്പെര്‍ട്ട് ടീമിന്‍റെ സഹായത്തോടെ റീ പോസ്റ്റ് മോര്‍ട്ടം അനുവദിച്ചുകൊണ്ട് ഉത്തരവുണ്ടായിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ചും ചലച്ചിത്ര സംവിധായകനായ ജയരാജ് സര്‍, സിവിക് ചന്ദ്രന്‍, വാല്‍മീകി എന്നിവര്‍ക്കും എന്‍റെ അഭിഭാഷകരായ  അഡ്വക്കേറ്റ് പി വിജയരാഘവന്‍, അഡ്വക്കേറ്റ് ആര്‍ ടി പ്രദീപ് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. നീതി ജയിക്കട്ടെ!", സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സനല്‍കുമാറിന്‍റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു, മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. കഴിഞ്ഞ ഏഴാം തിയതിയായിരുന്നു സനൽകുമാർ ശശിധരന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകൾ സന്ധ്യയുടെ മരണം. അവശ നിലയിലായി ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സഹോദരനെയും ഭർത്താവിനെയും അറിയിച്ചില്ലെന്നതായിരുന്നു ആദ്യസംശയം. മൃതദേഹത്തിൽ പാടുകൾ കണ്ടതും പൊലീസ് ആദ്യം ഇത് രേഖപ്പെടുത്തിയില്ലെന്നതും സനൽകുമാർ സംശയമായി ഉന്നയിച്ചു. 2018ൽ ഇവർ കരൾ പകുത്തു നൽകാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതായും ഇതിൽ അവയവകച്ചവട മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സനൽകുമാർ ആവശ്യപ്പെട്ടിരുന്നു.  ഇതേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. അതേസമയം സന്ധ്യയ്ക്ക് ഒരു മാസം മുൻപേ കോവിഡ് വന്നു ഭേദമായതാണെന്ന് സനൽകുമാർ ശശിധരൻ പരാതിയിൽ പറഞ്ഞിരുന്നു.