പദ്‍മ പുരസ്‍കാരം നിരസിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി (90/ Sandhya Mukherjee) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ക്ക് ഹൃദയാഘാതമാണ് മരണകാരണമായത്. കൊവിഡ് ബാധയെത്തുടര്‍ന്ന് ജനുവരി അവസാന വാരം സന്ധ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

പദ്മശ്രീ പുരസ്കാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് സന്ധ്യ മുഖര്‍ജി കഴിഞ്ഞ മാസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സന്ധ്യ പുരസ്കാരം നിരസിക്കുകയാണെന്ന വിവരം മകള്‍ സൗമി സെന്‍ഗുപ്തയാണ് മാധ്യമങ്ങളെ അറിയിച്ചത്. ബംഗാളി സംഗീത രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നില്‍ക്കുന്ന അമ്മയ്ക്ക് 90-ാം വയസ്സില്‍ ഈ പുരസ്കാരം നല്‍കുന്നത് അനാദരവായി തോന്നിയതിനാലാണ് നിരസിച്ചതെന്നും മകള്‍ വിശദീകരിച്ചിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ബംഗ ബിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ആളാണ് സന്ധ്യ മുഖര്‍ജി. 

Scroll to load tweet…

അറുപതുകളിലും എഴുപതുകളിലും ചലച്ചിത്ര പിന്നണിഗാനരംഗത്തെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്നായിരുന്നു സന്ധ്യ മുഖര്‍ജി. ബംഗാളിയില്‍ ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അവര്‍ മറ്റു ഭാഷകളിലും പാടിയിട്ടുണ്ട്. പ്രശസ്ത ഗായകനായ ഹേമന്ദ മുഖര്‍ജിക്കൊപ്പമുള്ള യുഗ്മഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ആഘോഷിച്ചവയാണ്. 1970ല്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സൗണ്ട് ഓഫ് മ്യൂസിക്കിന്‍റെ റീമേക്ക് ആയ ജയ് ജയന്തി എന്ന ചിത്രത്തിലെ ആലാപനത്തിനായിരുന്നു ഇത്.