മോഹൻലാലിനെ നായകനാക്കി, സംഗീത് ശിവൻ സംവിധാനം ചെയ്‍ത ചിത്രമായിരുന്നു നിര്‍ണ്ണയം. മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നുതന്നെയാണ് നിര്‍ണയം. ചെറിയാൻ കല്‍പവാടിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഒരു ഡോക്ടറുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ മോഹൻലാല്‍ അഭിനയിച്ചത്. മോഹൻലാലിന്റെ ചിത്രത്തിനെ അഭിനം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നുവെന്ന് സംഗീത് ശിവൻ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് സംഗീത് ശിവൻ പറയുന്നത്.

ഒരിക്കലും നമ്മളെ സമ്മര്‍ദത്തിലാക്കാത്ത നടനാണ് മോഹൻലാല്‍. യോദ്ധ എന്ന എന്റെ ചിത്രത്തില്‍ തന്നെ എനിക്ക് അത് മനസ്സിലായതാണ്. നിര്‍ണയത്തില്‍ ഡോക്ടറാണ് മോഹൻലാല്‍. സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിലൊക്കെ മുഖത്തിനെക്കാള്‍ കൈകളായിരുന്നു കാണിച്ചത്. മോഹൻലാലിന്റെ കൈകളുടെ ചലനം എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ഒരു പ്രൊഫഷണല്‍ ഡോക്ടറുടേത് പോലെ. അഭിനയമാണോ ജീവിതമാണോ എന്ന് വേര്‍തിരിക്കാനായില്ല- സംഗീത് ശിവൻ പറയുന്നു. ടെക്‍നിക്കലി ഹിറ്റ് ആയിരുന്നു നിര്‍ണം. അന്നുവരെ ഉപയോഗിക്കാത്ത ക്യാമറ ആംഗിളുകളാണ് സിനിമയില്‍ ഉപയോഗിച്ചത്. എന്റെ സഹോദരൻ സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ഞങ്ങള്‍ പല പരീക്ഷണങ്ങളും നടത്തി. ആദ്യമായാണ് വൈഡ് ലെൻസ് ഉപയോഗിച്ച് മോഹൻലാലിനെപ്പോലെയുള്ള ആളെ ഷൂട്ട് ചെയ്യുന്നത്. അത് വിജയിക്കുകയും ചെയ്‍തു എന്നതാണ് ശരി- സംഗീത് ശിവൻ പറയുന്നു.