മുംബൈ: ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നതായി നടന്‍ സഞ്ജയ് ദത്ത്.ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ കുടുംബവും സുഹൃത്തുക്കളും പൂര്‍ണ്ണ പിന്തുണയുമായി കൂടെത്തന്നെയുണ്ടെന്നും ആരാധകരാരും പേടിക്കേണ്ടതില്ലെന്നും സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു.

“ഹായ് സുഹൃത്തുക്കളെ, ചില ചികിത്സകൾക്കായി ഞാൻ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും പിന്തുണയുമായി ഒപ്പമുണ്ട്.ആരാധകരാരും പേടിക്കേണ്ട. ആവശ്യമില്ലാത്ത ഊഹാപോഹങ്ങളൊന്നും വേണ്ട. എല്ലാം സുഖമായി ഞാന്‍ വേഗം തിരിച്ചുവരും “സഞ്ജയ് ദത്ത് ട്വിറ്ററിൽ കുറിച്ചു. അതേസമയം തങ്ങളുടെ പ്രിയപ്പെട്ട ബാബയ്ക്ക് പ്രാര്‍ഥനാശംസകളുമായി നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.

ഓഗസ്റ്റ് എട്ടിനാണ് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലെ ഓക്സിജൻ നില താഴ്ന്നതാണെന്നും കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലമാണ് കണ്ടെത്തിയതെന്നും നടനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നു. തന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് സഞ്ജയ് ദത്ത് ട്വിറ്ററിലൂടെയും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തിരുന്നു.