രാജ്യമൊട്ടാകെ സിനിമാപ്രേമികളില്‍ കാത്തിരിപ്പുണര്‍ത്തിയ സീക്വല്‍

സാന്‍ഡല്‍വുഡ് സിനിമയ്ക്ക് ഭാഷയ്ക്കു പുറത്തേക്ക് വഴി വെട്ടുന്നതില്‍ വിജയിച്ച ചിത്രമായിരുന്നു പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ ചിത്രം കെജിഎഫ്. ചിത്രം ഇറങ്ങിയതു മുതല്‍ രണ്ടാംഭാഗത്തിനായുള്ള (KGF Chapter 2) കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രം 2022 ഏപ്രിലില്‍ തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് (Sanjay Dutt) ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ അപ്ഡേഷന്‍ അറിയിച്ചിരിക്കുകയാണ് സഞ്ജയ്.

'അധീര' എന്ന പ്രതിനായക കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി തനിക്ക് പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ഡബ്ബിംഗ് പൂര്‍ത്തിയായെന്ന് ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്‍തത്. അധിരയുടെ ഡബ്ബിംഗ് പൂര്‍ത്തിയായെന്നും കഥാപാത്രം ഏപ്രില്‍ 14ന് നിങ്ങള്‍ക്ക് അടുത്തുള്ള തിയറ്ററുകളിലെത്തുമെന്നും സഞ്ജയ് ദത്ത് കുറിച്ചു. സംവിധായകന്‍ പ്രശാന്ത് നീലും ചിത്രങ്ങളില്‍ ഒപ്പമുണ്ട്.

Scroll to load tweet…

90 ശതമാനം ചിത്രീകരണവും കൊവിഡിന്‍റെ ആദ്യ വരവിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രമാണ് ഇത്. 2020 ഒക്ടോബര്‍ 23ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പക്ഷേ നീണ്ടുപോയി. ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും മികച്ച ഇനിഷ്യല്‍ പ്രതീക്ഷിക്കുന്ന കെജിഎഫ് 2ന്‍റെ ഇവിടുത്തെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിന്‍റെ തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‍വര്‍ക്കിനാണ്.