ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍. ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്ത് ഇന്ന് വൈകിട്ട് ട്വീറ്റ് ചെയ്തിരുന്നു. കുടുംബവും സുഹൃത്തുക്കളുമടക്കം തനിക്കൊപ്പമുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആ ട്വീറ്റില്‍ അദ്ദേഹം കുറിച്ചിരുന്നു. എന്നാല്‍ അനാരോഗ്യത്തെക്കുറിച്ച് അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തിയിരുന്നില്ല. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്‍തയാണ് അദ്ദേഹത്തിന്‍റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയമാധ്യമങ്ങളില്‍ ഇത് പ്രാധാന്യത്തോടെ ഇടംപിടിക്കുകയും ചെയ്തു.

ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ ബാധയെന്നും രോഗത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോഴെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒരു ദിവസത്തിനു ശേഷം വിട്ടയച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ കൊവിഡ് പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു.

രോഗവിവരം സഞ്ജയ് ദത്തിനെ ഉലച്ചിട്ടുണ്ടെന്നും ദുബൈയില്‍ ഭാര്യയ്ക്കൊപ്പം കഴിയുന്ന മക്കളെക്കുറിച്ച് അദ്ദേഹത്തിന് ദു:ഖമുണ്ടെന്നും ദത്തിന്‍റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന കാന്‍സറാണ് അദ്ദേഹത്തിനെന്നും എന്നാല്‍ ചികിത്സ ഉടന്‍ ആരംഭിക്കേണ്ടതുണ്ടെന്നും സുഹൃത്ത് പറയുന്നു. യുഎസില്‍ ആയിരിക്കും ചികിത്സ നടത്തുക. അതേസമയം കന്നഡ ചിത്രം കെജിഎഫ് 2 ആണ് സഞ്ജയ് ദത്തിന്‍റേതായി പുറത്തുവരാനിരിക്കുന്ന ശ്രദ്ധേയ ചിത്രം.