മുംബൈ: സഞ്ജയ് ദത്തിന്റെ അസുഖവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് ഭാര്യ മാന്യത ദത്ത്. സഞ്ജയ് ഒരു പോരാളിയാണെന്നും ഈ പരീക്ഷണത്തെയും അതിജീവിക്കുമെന്നും മാന്യത പത്രക്കുറിപ്പിൽ പറഞ്ഞു.

"സഞ്ജു വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് ആശംസകൾ അറിയിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ ഘട്ടത്തെ മറികടക്കാൻ ഞങ്ങൾക്ക് എല്ലാ ശക്തിയും പ്രാർത്ഥനയും ആവശ്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഈ കുടുംബം കടന്നുപോയ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളുണ്ട്. ഇതും കടന്നുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിരുന്നാലും, ഊഹാപോഹങ്ങൾക്കും അനാവശ്യമായ കിംവദന്തികൾക്കും ഇരയാകരുതെന്ന് സഞ്ജുവിന്റെ ആരാധകരോട് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ സ്നേഹവും ഊഷ്മളമായ പിന്തുണയുമാണ് ഞങ്ങളെ സഹായിക്കുക. സഞ്ജു എപ്പോഴും ഒരു പോരാളിയാണ്. ഞങ്ങളുടെ കുടുംബവും അങ്ങനെ തന്നെയാണ്. മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമോ എന്ന് ദൈവം വീണ്ടും ഞങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും മാത്രമാണ് ഞങ്ങൾ അന്വേഷിക്കുന്നത്. പ്രകാശവും പോസിറ്റീവിറ്റിയും പകരാൻ നമുക്ക് ഈ അവസരം ഉപയോഗിക്കാം,” മാന്യത കുറിക്കുന്നു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിന് തുടർന്ന് ഓഗസ്റ്റ് 8ന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് സംശയിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.
ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

കുടുംബവും സുഹൃത്തുക്കളുമടക്കം തനിക്കൊപ്പമുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആ ട്വീറ്റില്‍ അദ്ദേഹം കുറിച്ചിരുന്നു. ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് അർബുദ ബാധയെന്നും രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നുമാണ് ചികിത്സയ്ക്കായി ദത്തും കുടുംബവും ഉടനെ യു.എസിലേക്ക് തിരിക്കുമെന്നും വാർത്തകൾ വന്നിരുന്നു.