കാലങ്ങൾക്ക് മുമ്പ് സം​ഗീത പ്രേമികളുടെ ശേഖരങ്ങളിൽ ഒന്നായിരുന്നു കാസറ്റുകൾ. പലരും തങ്ങളുടെ ഇഷ്ട ​ഗാനങ്ങളുടെ കാസറ്റുകൾ വാങ്ങി സൂക്ഷിച്ചിരുന്നു. എന്നാൽ കാലം മാറിയതോടെ ഏത് പാട്ടും വിരൽ തുമ്പിൽ ലഭിക്കും എന്ന നിലയിലായി. ഇപ്പോഴിതാ ഇന്ത്യ കാസറ്റിലേക്ക് തിരിച്ചുപോകുമോ എന്ന സംശയത്തിലാണ് സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരം ആരാധകരോട് അഭിപ്രായം ചോദിച്ചത്.

“കുറച്ച് നാളുകളായി നിങ്ങളോട് ഇത് ചോദിക്കണം എന്ന് വിചാരിക്കുന്നു. ഞങ്ങളുടെ സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാൽ ആരെങ്കിലും വാങ്ങാൻ തയാറാകുമോ? ചില വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകൾ തിരിച്ചുവരുമെ‌ന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പഴയ കാലത്തെപ്പോലെ ഫിസിക്കൽ കോപ്പികൾ സൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ടോ? പാട്ടുകൾ കേൾക്കാൻ വാക്ക്മാനും കാസറ്റ് പ്ലേയറും ഇപ്പോഴും ഉപയോ​ഗിക്കുന്നവരുണ്ടോ? ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ അഭിപ്രായങ്ങൾ അറിയുന്നതിനു വേണ്ടിയാണ് ഞാനിത് ചോദിക്കുന്നത്“, എന്നായിരുന്നു വിനീത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84) on Oct 24, 2020 at 9:53am PDT

വിനീതിന്റെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി നിരവധി പേർ രം​ഗത്തെത്തി. ഭൂരിഭാ​ഗം പേരും പറയുന്നത് കാസറ്റ് പുറത്തിറക്കുന്നത് ഒരിക്കലും വിജയകരമാവില്ല എന്നാണ്. ഇതിനിടയിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. “നിങ്ങൾ കാസറ്റുകൾ പുറത്തിറക്കുകയാണെങ്കിൽ ഞാൻ ഒരെണ്ണം ഉറപ്പായും വാങ്ങും“, എന്നായിരുന്നു സഞ്ജു കുറിച്ചത്. നിറയെ ലൗ ചിഹ്നങ്ങൾക്കൊപ്പം സഞ്ജു എന്നായിരുന്നു കമന്റിന് വിനീത് നൽകിയ മറുപടി.