ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി സഞ്ജു സാംസൺ ആണെങ്കിലും, ഫേസ്ബുക്ക്, എക്സ് എന്നിവ കൂടി പരിഗണിക്കുമ്പോൾ ഒന്നാം സ്ഥാനം മറ്റൊരാള്‍ക്കാണ്

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോ ചെയ്യപ്പെടുന്ന മലയാളി നിലവില്‍ സഞ്ജു സാംസണ്‍ ആണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് അവാര്‍ഡ് അടക്കം നേടിയ ടി 20 വേള്‍ഡ് കപ്പ് സഞ്ജുവിനെ സംബന്ധിച്ച് ജനപ്രീതിയിലും വലിയ മുന്നേറ്റം നേടിക്കൊടുത്ത ഒന്നായിരുന്നു. വേള്‍ഡ് കപ്പിലെ മികവാര്‍ത്ത പ്രകടനങ്ങള്‍ക്കൊപ്പമാണ് ഇന്‍സ്റ്റയില്‍ സഞ്ജുവിന് ഫോളോവേഴ്സ് കൂടി വന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും ആയിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം മാത്രം എടുക്കുമ്പോഴാണ് സഞ്ജു ഒന്നാം സ്ഥാനത്ത്. മറ്റ് പ്രമുഖ പ്ലാറ്റ്‍ഫോമുകളായ ഫേസ്ബുക്കും എക്സും കൂടി കണക്കില്‍ ഒപ്പം ചേര്‍ക്കുമ്പോള്‍ ലിസ്റ്റില്‍ സഞ്ജുവിനേക്കാള്‍ മുന്നില്‍ മൂന്ന് പേര്‍ കൂടിയുണ്ട്.

കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെയൊക്കെ മറികടന്നാണ് ഇന്‍സ്റ്റയില്‍ ഏറ്റവുമധികം ഫോളോ ചെയ്യപ്പെടുന്ന മലയാളി എന്ന നേട്ടം സഞ്ജു നേരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ഫേസ്ബുക്കിലെയും എക്സിലെയും ഫോളോവേഴ്സിന്‍റെ എണ്ണം കൂടി ചേര്‍ത്താല്‍ ലിസ്റ്റില്‍ സഞ്ജു നാലാം സ്ഥാനത്തേക്ക് എത്തും. അഞ്ചാം സ്ഥാനത്ത് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ് എന്നതും കൗതുകം.

പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നിവയിലെ ഫോളോവേഴ്സിന്‍റെ എണ്ണം നോക്കിയാല്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള മലയാളി കീര്‍ത്തി സുരേഷ് ആണ്. 39.4 മില്യണ്‍ ഫോളോവേഴ്സ് ആണ് ഈ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ നിന്നായി കീര്‍ത്തിക്ക് ഉള്ളത്. അനുപമ പരമേശ്വരനാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 27.8 മില്യണ്‍ ആണ് മൂന്ന് പ്രധാന പ്ലാറ്റ്ഫോമുകളിലും നിന്നായി അനുപമയ്ക്ക് നിലവിലുള്ള ഫോളോവേഴ്സ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് മൂന്നാം സ്ഥാനത്ത്. 25 മില്യണ്‍ ഫോളോവേഴ്സ് ആണ് മൂന്ന് പ്ലാറ്റ്‍ഫോമുകളിലും നിന്നായി ദുല്‍ഖറിന് ഉള്ളത്.

എന്നാല്‍ ദുല്‍ഖറിനോട് തൊട്ടടുത്തുള്ള സംഖ്യ സഞ്ജുവിന് ഉണ്ട്. 24.4 മില്യണ്‍ ആണ് സഞ്ജു സാംസണ് മൂന്ന് പ്ലാറ്റ്‍ഫോമുകളിലും നിന്നായുള്ള ഫോളോവേഴ്സിന്‍റെ എണ്ണം. അഞ്ചാം സ്ഥാനത്തുള്ള മോഹന്‍ലാലിന് ആവട്ടെ 20 മില്യണ്‍ ഫോളോവേഴ്സ് ആണ് മൂന്ന് പ്ലാറ്റ്ഫോമുകളില്‍ നിന്നായി ഉള്ളത്. ഇതരഭാഷാ സിനിമകളില്‍ നിന്ന് ലഭിച്ച ആരാധകപിന്തുണയാണ് കീര്‍ത്തി സുരേഷിനെയും അനുപമ പരമേശ്വരനെയും ദുല്‍ഖര്‍ സല്‍മാനെയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിച്ചത്. ഐപിഎല്‍ കഴിയുമ്പോഴേക്ക് നിലവിലെ ലിസ്റ്റില്‍ സഞ്ജു മാറ്റം വരുത്തിയേക്കും.

Asianet News Live | Kerala Election | Assembly Election 2026 | Kerala Breaking News | Malayalam News